തൊടുപുഴയിൽ അര്‍ധ രാത്രിയിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുത പരിക്ക് :അടിമാലി സ്വദേശി അറസ്റ്റിൽ
തൊടുപുഴ: ടൗണ്‍ഹാളില്‍ അര്‍ധ രാത്രിയിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പെരിങ്ങാശേരി പാറച്ചിരപ്പാല്‍ രഞ്ചീഷ് രാജു (34) നാണ് പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി സ്വദേശി ബിബിന്‍ (ഋഷി -32) നെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ലഹരി ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
സ്ഥിരമായി ടൗണ്‍ഹാളിന് സമീപമായിരുന്നു ഇവര്‍ തമ്പടിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടന്ന കൊലപാതകത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. പോലീസ് പരിശോധനയില്‍ നിന്നും രക്ഷപെടുന്നതിനായി ഇരുവരും പുറത്ത് നിന്നും പൂട്ടിയ ഗ്രില്ലിനിടയിലൂടെയാണ് ടൗണ്‍ഹാളിന് അകത്ത് കടന്നിരുന്നത്. ഇവിടെ വച്ച് സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയില്‍ രഞ്ചീഷിനെ കുത്തുകയായിരുന്നു എന്നാണ് ബിബിന്‍ പോലീസിനോട് പറഞ്ഞത്.
രഞ്ചീഷിനെ കുത്തിയ ശേഷം ബിബിന്‍ ചാഴികാട്ട് ആശുപത്രി പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരോട് ഒരാള്‍ ടൗണ്‍ ഹാളില്‍ പരുക്കേറ്റ് കിടക്കുന്നതായി അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇയാളെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് പോലീസും ആംബുലന്‍സ് ഡ്രൈവര്‍മാരും എത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ രഞ്ചീഷിനെ ടൗണ്‍ഹാളിന്റെ മുകള്‍ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയാണ് പോലീസും ഡ്രൈവര്‍മാരും ചേര്‍ന്ന് രഞ്ചീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രഞ്ജീഷ് മേസ്തിരിപ്പണിക്കാരനും ബിബിന്‍ പെയിന്റിംഗ് തൊഴിലാളിയുമാണ്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണെന്ന് സിഐ വി.സി.വിഷ്ണുകുമാര്‍ പറഞ്ഞു.