ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്;മെയ് 31 വരെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍
ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യു.ഡി.ഐ.ഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊര്‍ജിതമാക്കാന്‍ ജില്ലാ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്. ജില്ലാഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജില്ലയില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അടിസ്ഥാനമായ ഭിന്നശേഷി തെളിയിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാര്‍ഡ്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. റജിസ്‌ട്രേഷന്‍ കൃത്യമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഭിന്നശേഷിക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
വകുപ്പുകളുടെ കൃത്യമായ ഏകോപനം ഇക്കാര്യത്തിലുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സര്‍വേ നടത്തിയോ ഗ്രാമസഭ കൂടിയോ ഇനിയും റജിസ്റ്റര്‍ ചെയ്യാത്തവരെ കണ്ടെത്തണം. ഇവരുടെ വിവരങ്ങള്‍ ആശ വര്‍ക്കര്‍മാരില്‍ നിന്നോ അങ്കണവാടി പ്രവര്‍ത്തകരില്‍ നിന്നോ നേരിട്ട് പഞ്ചായത്തില്‍ നിന്നോ ശേഖരിക്കണം. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവ മുഖേന റജിസ്‌ട്രേഷന്‍ നടത്തുന്നതിന് അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടതില്ല. അപേക്ഷയും അപ് ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ് വിരല്‍ അടയാളം, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി മറ്റാരെങ്കിലും എത്തി റജിസ്‌ട്രേഷന്‍ നടത്താം. സ്മാര്‍ട്ട്‌ഫോണ്‍ മുഖേന വീട്ടിലിരുന്ന് സ്വന്തമായും റജിസ്‌ട്രേഷന്‍ നടത്താം.
നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് തിരിച്ചറിയാല്‍ കാര്‍ഡ് അവരവരുടെ വീടുകളില്‍ എത്തുകയും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്ന സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. നിലവില്‍ അംഗപരിമിതി ഉള്ള ഏതൊരാള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് നല്‍കിയ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിലെ കാലാവധി കഴിഞ്ഞു പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധികാരിക രേഖയാണ് ഈ കാര്‍ഡ്. നിലവില്‍ കാര്‍ഡ് ലഭിച്ചവരും ഇതിനുവേണ്ടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിച്ചു കാര്‍ഡ് ലഭിക്കാത്തവര്‍ അവരുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനായി മൊബൈല്‍ നമ്പര്‍/ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നേരിട്ട് പരിശോധിക്കാം. അപേക്ഷകള്‍ എങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കാം എന്നത് സംബന്ധിച്ച് സാമൂഹ്യ സുരക്ഷാ മിഷന്‍ യൂട്യൂബ് വീഡിയോയും നല്‍കിയിട്ടുണ്ട്. https://youtu.be/vG_5QU_O_0k എന്ന ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യുന്ന വിധം മനസ്സിലാക്കാം. മെയ് 31നകം എല്ലാ അംഗപരിമിതരും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ ആരോഗ്യവകുപ്പ് എന്നിവയിലേതെങ്കിലുമായി ബന്ധപ്പെടണം.