ജൈവവൈവിധ്യ ദിനാചരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും അറക്കുളം ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബി.എം.സി)യും ചേര്‍ന്ന് പതിപ്പള്ളി ഗവ. ട്രൈബല്‍ യു.പി സ്‌കൂളില്‍ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു. ഇതോടൊപ്പം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ എ.ബി.എസ് ഫണ്ട് ഉപയോഗിച്ച് സ്‌കൂളില്‍ തയ്യാറാക്കുന്ന ജൈവവൈവിധ്യ പാര്‍ക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള കരനെല്‍ കൃഷിക്കും തുടക്കം കുറിച്ചു.
ആദ്യ ഘട്ടത്തില്‍ ജൈവവൈവിധ്യ പാര്‍ക്കില്‍ നൂറിലധികം വ്യത്യസ്തയിനം ഔഷധസസ്യങ്ങള്‍ നട്ട് പിടിപ്പിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ട്രൈബല്‍ മേഖലയില്‍ നിന്ന് ശേഖരിച്ച ഔഷധ സസ്യങ്ങള്‍ നട്ടു പരിപാലിക്കുകയാണ് ലക്ഷ്യം.
സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജിയേഷ് അദ്ധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ അശ്വതി വി.എസ് ജൈവ വൈവിദ്യ ദിനാചരണ സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വത്സല എന്‍.ടി, കൃഷി ഓഫീസര്‍ സുചിത മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജൈവവൈവിധ്യ സെമിനാറില്‍ എ.ടി. തോമസ്, ഡോ. പി.എ. മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഊരുമൂപ്പന്‍മാരായ ജനാര്‍ദ്ദനന്‍, പദ്മദാസ് എന്നിവര്‍ നാട്ടറിവുകള്‍ പങ്കുവെച്ചു.
സ്‌കൂള്‍ പിടിഎ യുടെ ആഭിമുഖ്യത്തില്‍ നാടന്‍പാട്ടും, വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അവതരിപ്പിച്ചു. ബി.എം.സി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സമീപവാസികള്‍, ഊരുമൂപ്പന്മാര്‍, കുടുംബശ്രീ
അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.