മരണനിരക്ക് അധികമായി പ്രസിദ്ധീകരിച്ച ലേകാരോഗ്യ സംഘടനയുടെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു
കോവിഡിലുള്‍പ്പെടെ എല്ലാ കാരണങ്ങളാലുമുള്ള മരണനിരക്ക് അധികമായി പ്രസിദ്ധീകരിച്ച ലേകാരോഗ്യ സംഘടനയുടെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ജനീവയിലെ ലോകാരോഗ്യസംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന ലോക ആരോഗ്യ അസംബ്ലിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: മന്‍സുഖ് മാണ്ഡവ്യ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.
നിയമപരമായി അധികാരമുള്ളവര്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പരിഗണിക്കാതെ എല്ലാതരത്തിലുമുള്ള മരണനിരക്കുകളില്‍ ലേകാരോഗ്യ സംഘടന നടത്തിയ അഭ്യാസത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയും നടുക്കവുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ രീതിശാസ്ത്രവും സമീപനവും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ അടങ്ങുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഏകകണ്ഠമായി പാസാക്കിയ പ്രമേയവും അദ്ദേഹം ലോകാരോഗ്യ അസംബ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
ഈ മാസം അഞ്ചിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കോവിഡും അനുബന്ധ രോഗങ്ങളും മൂലം ലോകത്ത് ആകമാനം 15 ദശലക്ഷം ആളുകള്‍ മരണപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ലോകത്തെ കോവിഡ് മരണത്തിന്റെ മൂന്നിലൊന്നായ 4.5 ദശലക്ഷം ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ഇന്ത്യയുടെ ഔദ്യോഗിക കണക്കിന്റെ പത്തിരട്ടിയാണ്. അന്നുതന്നെ ഇന്ത്യ ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതാണ് ലോകാരോഗ്യ അസംബ്ലിയിലും കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
ആരോഗ്യസുരക്ഷാ മേഖലയില്‍ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താനും വാക്‌സിനുകളുടെയും മരുന്നുകളുടെയും സന്തുലിതമായ ലഭ്യത സാദ്ധ്യമാക്കുന്നതിനും വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കുമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും പ്രതിരോധശേഷിയുള്ള ഒരു ആഗോള വിതരണ ശൃംഖല നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ഒരു അംഗമെന്ന നിലയില്‍, ഈ ശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണ്.
സമാധാനമില്ലാതെ സുസ്ഥിര വികസനവും സാര്‍വത്രിക ആരോഗ്യവും ക്ഷേമവും സാദ്ധ്യമല്ലാത്തതിനാല്‍ സമാധാനത്തെയും ആരോഗ്യത്തെയും ബന്ധിപ്പിക്കുന്ന ഈ വര്‍ഷത്തെ പ്രമേയം സമയബന്ധിതവും പ്രസക്തവുമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.