ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി
ഭക്ഷ്യോത്പാദന രംഗത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുന്ന് മൃഗാശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്ത് പാല്‍ ഉത്പാദന ക്ഷമതയില്‍ കേരളത്തിന് രണ്ടാം സ്ഥാനമുണ്ട്. കൊവിഡ് കാലഘട്ടത്തില്‍ എല്ലാ ദിവസവും പണിയെടുത്തത് ക്ഷീര കര്‍ഷകരാണ്. ലോക് ഡൗണ്‍ കാലത്ത് സംഭരിച്ച പാല്‍ അയല്‍ സംസ്ഥാനത്തെ പ്ലാന്റിലെത്തിച്ച് പാല്‍പ്പൊടിയാക്കുകയായിരുന്നു.
ഇത് അധിക ചിലവും സംഭരണ ബുദ്ധിമുട്ടുമുണ്ടാക്കി. ഇതിന് പരിഹാരമായാണ് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് 58 കോടി രൂപ ചിലവില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ക്ഷീര കര്‍ഷകര്‍ പാല്‍ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ചിലവാക്കുന്നത് കാലിതീറ്റയ്ക്ക് വേണ്ടിയാണ്. അയല്‍ സംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റക്ക് ക്രമാതീതമായ വിലക്കയറ്റമാണ്. കാലിത്തീറ്റയുടെയും പാലിന്റേയും വില നിയന്ത്രിക്കുന്നതിന് മില്‍മയും കേരള ഫീഡ്സും വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പാലിന് കൊഴുപ്പ് കിട്ടാന്‍ പച്ചപ്പുല്ല് കൊടുക്കണം. തീറ്റപ്പുല്‍ കൃഷിക്ക് ഏക്കറിന് പതിനാറായിരം രൂപ സബ്സിഡി നല്‍കുന്നുണ്ട്. പച്ചപ്പുല്‍ കൃഷിയിലേക്ക് ക്ഷീര കര്‍ഷകര്‍ തിരിച്ച് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കര്‍ഷകരെ സഹായിക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് എല്ലാ മാസവും സബ്സിഡി നേരിട്ട് നല്‍കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. പാലിന്റെ കൊഴുപ്പും ഗുണമേന്‍മയും വര്‍ധിപ്പിക്കാന്‍ സൈലേജ് സംവിധാനം (വായു കടക്കാത്ത അറയില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന പച്ചപ്പുല്ല് / ചോളം) സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ടെലി വെറ്റിനറി സര്‍വീസിന്റെ ഭാഗമായി എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം ഒരുക്കുമെന്നും കൂടാതെ പാലും പാല്‍ ഉത്പന്നങ്ങുടെയും വര്‍ധനവ് ലക്ഷ്യം വച്ച് നിരവധി സമഗ്ര പദ്ധതികളാണ് ക്ഷീര വികസന വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 14 വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ക്ഷീര മേഖലയിലെ കുട്ടിക്കര്‍ഷകനായ മാത്യു ബെന്നിയെ മന്ത്രി ആദരിച്ചു.
പി.ജെ ജോസഫ് എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിതീറ്റ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഉപ്പുകുന്ന് മൃഗാശുപത്രി യാഥാര്‍ത്ഥ്യമായതോടെ ഉപ്പുകുന്ന് ആദിവാസി മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കും.
മൃഗസംരക്ഷണവും പാലുല്‍പാദനവും പ്രധാന ഉപജീവന മാര്‍ഗ്ഗമായിട്ടുള്ള ജനങ്ങളാണ് ഉപ്പുകുന്നിലും പരിസരങ്ങളിലും അധിവസിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതല്‍ അധിവസിക്കുന്നതും ഏറ്റവും കൂടുതല്‍ കാലിവളര്‍ത്തലും പാലുല്‍പാദനം ഉള്ളതുമായപ്രദേശമാണ് ഉപ്പുകുന്ന്. ഇവിടെയുള്ള കര്‍ഷകര്‍ക്ക് ഉടുമ്പന്നൂരിലെ മൃഗാശുപത്രിയിലേക്ക് പന്ത്രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപ്പുകുന്ന് മൃഗാശുപത്രി ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകും.
വെറ്ററിനറി ഡിസ്‌പെന്‍സറിയ്ക്കായി അഞ്ച് വര്‍ഷത്തേയ്ക്ക് വാടക രഹിത കെട്ടിടം മറ്റ് ചെലവുകള്‍ എന്നിവ വഹിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.ഉപ്പുകുന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ്, ത്രിതല പഞ്ചായത്തംഗങ്ങളായ ഇന്ദു സുധാകരന്‍, നൈസി ഡെനില്‍, ബിന്ദു രവീന്ദ്രന്‍, ശാന്തമ്മ ജോയി, ബീന രവീന്ദ്രന്‍, സുലൈഷ സലിം, കെ.ആര്‍ ഗോപി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ജെ ഉലഹന്നാന്‍, എബി ഡി കോലോത്ത്, പി.എന്‍ നൗഷാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജയ ചാണ്ടി, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബിജു ജെ. ചെമ്പരത്തി, വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. ജിജിമോന്‍ ജോസഫ്, കോടികുളം വെറ്റിനറി സര്‍ജന്‍ പി.എം ബിജുരാജ് എന്നിവര്‍ സംസാരിച്ചു.