കുമളിയിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് ആരംഭിച്ചു
ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുമളിയിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ക്യാമ്പിൻെറ ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. മെയ് 21, 22 തീയതികളിൽ കുമളി ഗവ ഹൈസ്‌കൂൾ ഹാളിലാണ് ക്യാമ്പ്. കരിയർ ഗൈഡൻസ്, ഭാഷ പരിശീലനം, ആരോഗ്യ പരിരക്ഷ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു.
ആദ്യ ദിനം നടന്ന കരിയർ ഗൈഡൻസ് ക്ലാസ്സുകൾക്ക് ഡയറ്റ് പ്രതിനിധി തങ്കരാജൻ നേതൃത്വം നൽകി. ഭാഷ പരിശീലന ക്ലാസ് കവി കെ ആർ രാമചന്ദ്രൻ നയിച്ചു. ആരോഗ്യ പരിരക്ഷയെ കുറിച്ച് കുമളി സിഎച്ച്സി മെഡിക്കൽ ഓഫിസറും കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചും ശിശു സംരക്ഷണ സമിതി പ്രതിനിധി നീനു കുര്യനും ക്ലാസ്സുകൾ എടുത്തു.
നാളെ (22) കൗമാരക്കാർ നേരിടുന്ന സാമൂഹ്യ വെല്ലുവിളികളെ കുറിച്ച് എക്സൈസ് വിഭാഗവും ആദിവാസി കലകളും സാഹിത്യവും എന്ന വിഷയത്തിൽ കൊലുക്കൻ പുഷ്പ്പമ്മയും പട്ടികവർഗവകുപ്പ് ആനുകൂല്യങ്ങളെ കുറിച്ച് റ്റി ബിനുകുട്ടനും ക്ലാസുകൾ നയിക്കും.
യോഗത്തിൽ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെആർ ജനാർദ്ദനൻ, കുമളി ഗവ സ്‌കൂൾ ഹെഡ്മിസ്ട്രസ് മല്ലിക, ഡയറ്റ് പ്രതിനിധി തങ്കരാജ്, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറർ കെ രാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.