Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍



ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതികളില്‍ നിന്നും പിറകോട്ട് പോകില്ല. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നു എന്നതു പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരായ കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പാക്കും. ഏതു തരത്തിലുള്ള എതിര്‍പ്പുകളേയും വിധ്വംസക നീക്കങ്ങളേയും കുപ്രചരണങ്ങളേയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ ഈ സര്‍ക്കാരിനു പകര്‍ന്നു നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വ്വതല സ്പര്‍ശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ വികസനമാണു സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. അതു യാഥാര്‍ഥ്യമാക്കാന്‍ ഉതകുന്ന ഇടപെടലുകളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളം നിരവധി നേട്ടങ്ങള്‍ക്ക് അര്‍ഹമായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ ഒരു വികസന മാതൃക യാഥാര്‍ഥ്യമാക്കാനാണു ലക്ഷ്യമിടുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട ആദ്യ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിനു നടക്കുന്ന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ജനങ്ങള്‍ക്കു സമര്‍പ്പിക്കും.
ലൈഫ് സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതിനോടകം 2,95,000 വീടുകള്‍ ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് നല്‍കി. അത് ഉടന്‍ 3 ലക്ഷമായി ഉയര്‍ത്തും. 2017 മുതല്‍ 31.03.2021 വരെ ലൈഫ് പദ്ധതി പ്രകാരം 2,62,131 വീടുകളുടെയും തുടര്‍ന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 32,875 വീടുകളും ഉള്‍പ്പെടെയാണ് 2,95,006 വീടുകളുടെ നിര്‍മാണം 6 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1003 വീടുകളും 276 ഫ്ളാറ്റുകളും കൈമാറി. 114 ഫ്ളാറ്റുകളുടെ പണിപൂര്‍ത്തിയായിട്ടുണ്ട്. ഇത് ഉടന്‍ തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറും. കൂടാതെ 784 ഫ്ളാറ്റുകളുടെയും 1121 വീടുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്.

ഭൂരഹിത ഭവന രഹിതര്‍ക്കായുള്ള ഭവന നിര്‍മ്മാണം പ്രത്യേക ലക്ഷ്യമായി കാണും. ഭൂരഹിതര്‍ക്കു വീട് നിര്‍മാണത്തിന് ഭൂമി കണ്ടെത്തുന്നതിന് മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്ബയിന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ 39.97 ഏക്കര്‍ ഭൂമി ഇതിനകം ലഭിച്ചു. അങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിനു ലൈഫ് മിഷനാണു സഹായം നല്‍കുന്നത്. 39 ഭവന സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടതില്‍ 32 എണ്ണത്തിന്റെ നിര്‍മാണം പുരോഗതിയിലാണ്. ഇതില്‍ 10 ഫ്ളാറ്റുകള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.


നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കും. അതിനായി കേരളത്തെ വിജ്ഞാന സമ്ബദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകളനുസരിച്ചു 3,95,338 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2021 മെയ് 21 മുതല്‍ 2022 ഏപ്രില്‍ 30 വരെ ആകെ 22,345 പേര്‍ക്കു പി.എസ്.സി. വഴി നിയമന ശിപാര്‍ശ നല്‍കി. കഴിഞ്ഞ സര്‍ക്കാര്‍ 1,61,361 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ 6 വര്‍ഷത്തെ മൊത്തം നിയമന ശിപാര്‍ശ 1,83,706 ആണ്. ഭരണ നിര്‍വ്വഹണ രംഗത്തെ സുപ്രധാന ആവശ്യവും ആഗ്രഹവുമായ കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വ്വീസ് (കെ എ എസ്) ഈ കാലയളവില്‍ യാഥാര്‍ഥ്യമായി. നൂറ്റിയഞ്ചു പേര്‍ക്ക് നിയമനം നല്‍കുകയും അവരുടെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. കേരള നോളജ് ഇക്കണോമി മിഷന്‍ ആരംഭിച്ചു. സജ്ജമാക്കിയ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ ഇതുവരെ 3,14,588 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോവിഡ് കാലയളവില്‍ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളില്‍ സൃഷ്ടിച്ചു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി 181 പുതിയ കമ്ബനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ പാര്‍ക്കുകളലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങള്‍ നിര്‍മിതിയിലാണ്.2021-22 കാലയളവില്‍ യുവകേരളം പദ്ധതി മുഖേന 1666 പേര്‍ക്കും ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന) പദ്ധതി മുഖേന 4430 പേര്‍ക്കും ആകെ 6096 പേര്‍ക്ക് നൈപുണി പോഷണവും തൊഴിലും നല്‍കാന്‍ സാധിച്ചു. 981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ശേഷിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 13.14 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തുമെന്നും ശരാശരി പ്രവൃത്തി ദിനങ്ങള്‍ 50.55ല്‍ നിന്ന് 75 ആയി ഉയര്‍ത്തുമെന്നും നല്‍കിയ വാഗ്ദാനം ആദ്യ വര്‍ഷം തന്നെ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു. 16.45 ലക്ഷം കുടുംബങ്ങളും 18.99 ലക്ഷം വ്യക്തികളുമായി തൊഴിലെടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നു. തൊഴില്‍ ദിനങ്ങള്‍ ശരാശരി 64.41 ആയി വര്‍ദ്ധിച്ചു.

ഭൂരഹിതര്‍ക്ക് 15,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കവിഞ്ഞ് 33,530 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷം ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടന്‍ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങള്‍ സജ്ജമാണ്. കെഫോണ്‍ പദ്ധതിയുടെ കണക്ഷന്‍ 20,750 ഓഫീസുകള്‍ക്ക് നല്‍കി. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കല്‍ (കേബിളുകള്‍ വലിക്കുന്നതും, നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്‍റര്‍, പോയന്‍റ്സ് ഓഫ് പ്രസന്‍സസ്, എന്‍ഡ് ഓഫീസ് ഇന്‍സ്റ്റുലേഷന് ഒരുക്കല്‍) പുരോഗമിക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീതം സംസ്ഥാനത്തൊട്ടാകെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു.

മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്ബനി രൂപീകരിച്ചു. പാലക്കാട് നിര്‍മ്മിക്കുന്ന സംയോജിത റൈസ് ടെക്നോളജി പാര്‍ക്കിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. വയനാട് കോഫി പാര്‍ക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ചേര്‍ത്തല ഫുഡ്പാര്‍ക്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 12.5 കോടി മുതല്‍മുടക്കില്‍ സ്പൈസസ് പാര്‍ക്കിന്‍റെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്ത് പുരോഗമിക്കുന്നു.

ടൂറിസം മേഖലയില്‍ ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 2021ല്‍ 2020നെ അപേക്ഷിച്ചു 51% വര്‍ദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ വരവും ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുണ്ട്. 56 പ്രവാസി സംഘങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാനായി. സംസ്ഥാന തലത്തില്‍ പ്രവാസി സഹകരണ സംഘത്തിനു രൂപം നല്‍കി. 2021-22 ല്‍ 74776 കൃഷി സംഘങ്ങളിലായി 29246.34 ഹെക്ടര്‍ സ്ഥലത്തു കൃഷി ചെയ്തു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തി. 441821 കുടുംബങ്ങളില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ആരംഭിച്ചു. 2021-22 സാമ്ബത്തിക വര്‍ഷം കേരള കാഷ്യൂ ബോര്‍ഡ് 12763.402 മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്പെക്സിനും അവ വിതരണം ചെയ്തു. 2021-22 വര്‍ഷത്തില്‍ 120 കോടി രൂപയുടെ സ്‌കൂള്‍ യൂണിഫോം പദ്ധതി നടപ്പിലാക്കി. 9.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

അതിതീവ്ര ദാരിദ്ര്യം തിരിച്ചറിയല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉള്‍പ്പെട്ട 19,489 വാര്‍ഡുകളില്‍ നടത്തിയ കണക്കെടുപ്പിലൂടെ 64,006 കുടുംബങ്ങള്‍ അതീവ ദരിദ്രരായി കണ്ടെത്തി. അവരെ ദാരിദ്ര്യ രേഖയ്ക്ക് പുറത്ത് കൊണ്ടുവരാന്‍ ഓരോ കുടുംബത്തിനും മൈക്രോ പ്ലാന്‍ കരട് തയ്യാറാക്കി. അംബേദ്കര്‍ പദ്ധതി 169 കോളനികളില്‍ ഒരു കോടി രൂപ വീതം അനുവദിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 6472 പഠനമുറികള്‍ പൂര്‍ത്തീകരിച്ചു. പട്ടികവിഭാഗങ്ങളുടെ പാര്‍പ്പിടപ്രശ്നം പൂര്‍ണമായും പരിഹരിക്കും. അതിനായി 278 കോടി രൂപ ലൈഫ് മിഷന്‍ 2021-22 ല്‍ നല്‍കി. 3111 വീടുകള്‍ പൂര്‍ത്തീകരിച്ച്‌ കൈമാറി.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 2,14,274 പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. വാടക വീട്ടിലെ താമസക്കാര്‍, തെരുവോരത്ത് കഴിയുന്നവര്‍ എന്നിവര്‍ക്ക് കാര്‍ഡ് ലഭിക്കുകന്നതിനുണ്ടായിരുന്ന സാങ്കേതിക തടസം മാറ്റി. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ തുടങ്ങി. ആദിവാസി ഊരുകള്‍, പ്ലാന്‍റേഷന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കി മൊബൈല്‍ റേഷന്‍ കടകള്‍ വഴി റേഷന്‍ സാധനങ്ങള്‍ എത്തിച്ച്‌ വിതരണം നടത്തുന്നു.


83,333 ഹെക്ടര്‍ പാടശേഖരങ്ങള്‍ക്ക് നെല്‍വിത്ത്, വളം, ജൈവിക കീടരോഗ നിയന്ത്രണം എന്നിവയ്ക്കു ധനസഹായം നല്‍കി. 107.10 കോടി രൂപ നെല്‍കൃഷി വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. 84 കേരഗ്രാമങ്ങള്‍ നടപ്പിലാക്കി. 10,59,992 തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധ ഘടക പദ്ധതികള്‍ നടപ്പിലാക്കി. ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന ബൃഹത്തായ പദ്ധതി രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചു. 10,000 കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ച്‌ സംയോജിത കൃഷി നടപ്പാക്കി. സുഭിക്ഷ കേരളം പദ്ധതിയില്‍ 4481 സംഘകൃഷി ഗ്രൂപ്പുകള്‍ രൂപികരിച്ചു. 16,867 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ 2130.21 ഹെക്ടര്‍ ഭൂമിയില്‍ കൃഷി വര്‍ധിപ്പിച്ചു. 1787 ഹെക്ടര്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും കൃഷി സംഘങ്ങള്‍ക്ക് കഴിഞ്ഞു. നഗരസഭാ പരിധിയില്‍ നഗരസഭകളുടെ നേതൃത്വത്തില്‍ 4198 ഹെക്ടര്‍ തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയിട്ടുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തിലും ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചു. 1,51,132 ഡിജിറ്റല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുവാന്‍ കഴിഞ്ഞു. ഫസ്റ്റ് ബെല്‍ 2.0 എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെ ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ആരംഭിച്ചത് എല്ലാ വിദ്യാര്‍ത്ഥികളെയും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് എത്തിക്കാന്‍ പ്രാപ്തമാക്കി. 2021-2022 വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,07,458 കുട്ടികള്‍ അധികമായി ചേര്‍ന്നു.

ഏയിഡഡ് ഉള്‍പ്പെടെയുള്ള പൊതുവിദ്യാഭ്യാസ മേഖലയില്‍ 2,56,448 വിദ്യാര്‍ഥികള്‍ പുതുതായി ചേര്‍ന്നു. 2021-22 അദ്ധ്യയന വര്‍ഷം ഒന്നാം ഘട്ടത്തില്‍ 91 ഉം രണ്ടാം ഘട്ടത്തില്‍ 53 ഉം സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആകെ 144 സ്‌കൂളുകളില്‍, 5 കോടി പദ്ധതിയിലെ 15ഉം 3 കോടി പദ്ധതിയിലെ 33ഉം 1 കോടി പദ്ധതിയിലെ 2 സ്‌കൂളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നാം ഘട്ടമായി 69 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

വിവിധ സര്‍വകലാശാലകളില്‍ ബിരുദ-ബിരുദാനന്തരബിരുദ കോഴ്സുകളിലായി 31,796 പുതിയ സീറ്റുകളും ഗവേഷണത്തിന് 631 പുതിയ ഗൈഡുകളുടെ കീഴില്‍ 3,786 ഗവേഷണ സീറ്റുകളും 2021-2022 അധ്യയന വര്‍ഷം അനുവദിച്ചു. 77 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ ഗവേഷകര്‍ക്ക് കൈമാറി. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി ആക്‌ട് 2021 ഒക്ടോബറില്‍ കേരള നിയമസഭ പാസാക്കി.

തെരഞ്ഞെടുത്ത 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 166 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍ 369 എണ്ണത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും ചെയ്തു. ശേഷിക്കുന്ന 135 എണ്ണത്തിന്‍റെ നിര്‍മ്മാണം പുരോഗമിച്ച്‌ വരുന്നു. 33 എണ്ണത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 2022 ഏപ്രില്‍ 30 വരെ വരെ 5,43,57,311 ഡോസ് കോവിഡ് വാക്സിന്‍ നല്‍കി.
കിഫ്ബി പിന്തുണയോടെ 100 കോടി രൂപ ചെലവില്‍ 19 സ്റ്റേഡിയങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 355 കോടി രൂപയുടെ 26 പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സമ്ബൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കി. പവര്‍കട്ട് ലോഡ്ഷെഡ്ഡിങ്ങ് എന്നിവ ഒഴിവാക്കാന്‍നടപടികള്‍ സ്വീകരിച്ചു. 38.5 മെഗാവാട്ടിന്‍റെ ജല വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി.

പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങള്‍ക്ക് 4292 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. നിരത്തു വിഭാഗം 878.12 കോടി, ദേശീയ പാതാ വിഭാഗം 106.30 കോടി, ആര്‍ ഐ സി കെ 234.48 കോടി, കെആര്‍എഫ്ബി 365 കോടി, പാലങ്ങള്‍ വിഭാഗം 978.65 കോടി, കെആര്‍എഫ്ബി-പിഎംയു 1963.93 കോടി എന്ന തരത്തിലാണ് ഭരണാനുമതി നല്‍കിയത്. നിരത്തു വിഭാഗത്തിന് കീഴില്‍ 1600 കി.മീ റോഡുകള്‍ ബി.എം&ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തി. 2500 കി.മീ റോഡുകളുടെ ബി.എം&ബി.സി പ്രവൃത്തി നടന്നുവരുന്നു. ദേശീയ പാതാ വിഭാഗത്തിന് കീഴില്‍ ഇതുവരെ 250 കി.മീ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സിയിലേക്ക് ഉയര്‍ത്തി. 2021 മെയ് 21ന് ശേഷം ഏകദേശം 350 കി.മീ റോഡുകള്‍ പ്ലാസ്റ്റിക് ചേര്‍ത്ത ബിറ്റുമിന്‍ ഉപയോഗിച്ചും 740 കി.മീ റോഡുകള്‍ സ്വാഭാവിക റബ്ബര്‍ ചേര്‍ത്ത ബിറ്റുമിന്‍ ഉപയോഗിച്ചും നിര്‍മ്മിച്ചു.

ദേശീയ പാത 66ന്‍റെ പ്രവൃത്തി പുരോഗമിക്കുന്നു. 2025 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, തലശേരി-മാഹി ബൈപ്പാസ്, മൂരാട്-പാലൊളി പാലങ്ങള്‍, കഴക്കൂട്ടം മേല്‍പ്പാലം എന്നിവ അന്തിമഘട്ടത്തിലാണ്. എന്‍എച്ച്‌-66നു കീഴിലുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുക്കലിനുള്ള കേരള സര്‍ക്കാരിന്റെ വിഹിതമായ (25%) 5413.37 കോടി രൂപയില്‍ 5311.10കോടി രൂപ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്. മാഹി-വളപട്ടണം കനാല്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി 650 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കൊച്ചി വാട്ടര്‍ മെട്രോയുടെ മൂന്ന് ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കി 6 എണ്ണത്തിന്‍റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അങ്കമാലി-ശബരി റെയില്‍ പദ്ധതി ചെലവിന്‍റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 3421.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2022 മാര്‍ച്ചില്‍ റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. 2021-22 സാമ്ബത്തികവര്‍ഷത്തില്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 539.45 കോടി രൂപയ്ക്കുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. മെയ് 2021 മുതല്‍ ഏപ്രില്‍ 2022 കാലയളവില്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ധനസഹായമുള്ള പ്രോജക്ടുകള്‍ക്കായി വിവിധ വകുപ്പുകള്‍ 1098.09 കോടി രൂപ ചെലവിട്ടു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു. ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതോടെ 14 ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി വ്യാപിപ്പിക്കാനാവും.
കിഫ്ബി 50,792 കോടി രൂപയുടെ 955 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 25,637 കോടി രൂപയുടെ 563 പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തു. 22,949 കോടി രൂപയുടെ 512 പ്രോജക്ടുകള്‍ പണി തുടങ്ങുകയോ അവാര്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ആകെ 19,202 കോടി രൂപ പദ്ധതികള്‍ക്കായി ചെലവിട്ടു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ കിഫ്ബി അംഗീകരിച്ച 962 പദ്ധതികളുടെ ആകെത്തുക 70,762 കോടി രൂപയാണ്.
വൈദ്യുതി മേഖലയില്‍ ട്രാന്‍സ്ഗ്രിഡ്2.0യുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 5200 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുന്നത്. പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2022 ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍റഗ്രെറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പിലാക്കി. ഗാര്‍ഹിക തലത്തില്‍ 14,878 ബയോഗ്യാസ് പ്ലാന്‍റുകളും 5,51,994 കമ്ബോസ്റ്റിംഗ് ഉപാധികളും സ്ഥാപിച്ചു. 1026 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാതില്‍പ്പടി പാഴ്വസ്തു ശേഖരണത്തിനായി ഹരിതകര്‍മ്മ സേന പ്രവര്‍ത്തന സജ്ജമായി.

2022 ജനുവരി 26 ന് 11,115 സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍ ഓഫീസായി പ്രഖ്യാപിച്ചു. 404 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആകെ 548 എണ്ണത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. പുതുതായി 643 പദ്ധതികളുടെ പണി പുരോഗമിച്ചു വരുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ സുരക്ഷാ ആവശ്യം ഉന്നയിക്കുന്നതിനനുസരിച്ച്‌ വിന്യാസം നടത്തുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 2000 തസ്തികകള്‍ വ്യവസായ സംരക്ഷണ സേനയ്ക്കായി സൃഷ്ടിച്ചു.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം സംസ്ഥാനത്ത് വര്‍ധിപ്പിക്കുന്നതിനായി വനിതാ വികസന കോര്‍പറേഷന്‍ മുഖേന 30,000 തൊഴില്‍ അവസരം പുതുതായി സൃഷ്ടിക്കാന്‍ കഴിഞ്ഞു. വനിത ശിശു വികസന വകുപ്പ് മുഖേന 6241 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയടക്കമുള്ള സ്ഥാപനങ്ങുടെ കാര്യത്തില്‍ ഇതാണു നിലപാട്. കെ.എസ്.ആര്‍.ടി.സിയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഘടനാപരമായ പരിഷ്‌കാരമാണു വരേണ്ടത്. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയുള്ള ഇടപെടലാണു വേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ അതതു സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!