കൊവിഡ്കാലത്ത് സർക്കാരിനെതിരെ സമരം നടത്തിയ യുവകോൺഗ്രസ് പോരാളികൾ അറസ്റ്റ് ഭീതിയിൽ,ഇരുപതോളം യൂത്ത് കോൺഗ്രസ് – കെ എസ് യു നേതാക്കളാണ് ഇപ്പോൾ സ്വന്തം കൈയ്യിൽ നിന്നും പണമെടുത്ത് കേസ് വാദിക്കേണ്ട ഗതികേടിലായിരിക്കുന്നത്
കട്ടപ്പന: കൊവിഡ് ലോക്ഡൗൺ കാലത്ത് സർക്കാരിനെതിരെ സമരം ചെയ്ത് സ്വന്തം പാർട്ടിക്ക് വേണ്ടി പോരാടിയ യുവ കോൺഗ്രസ് പ്രവർത്തകർക്ക് അറസ്റ്റ് വാറണ്ട്. നിയന്ത്രണങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും മുഖ്യമന്ത്രിയ്ക്കെതിരെ സമരം നടത്തിയ 20 ലേറെ യൂത്ത്കോൺഗ്രസ് – കെ എസ് യു നേതാക്കളാണ് ഇപ്പോൾ സ്വന്തം കൈയ്യിൽ നിന്നും കാശുമുടക്കി കേസ് നടത്തേണ്ട ഗതിയിലായിരിക്കുന്നത്.
ജില്ലയിലുള്ള സംസ്ഥാനതല നേതാക്കൾ കേസുകൾ പാർട്ടി ഏറ്റെടുത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇവർ തടിതപ്പി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോവിഡിനെ തുടര്‍ന്ന് ഏർപ്പെടുത്തിയ കൂട്ടം കൂടുന്നതിനുള്ള നിരോധനാജ്ഞ അടക്കം മറികടന്നാണ് യുവസംഘടനാ നേതാക്കൾ
വിവിധ വിഷയങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.പൊതുയിടങ്ങളിലെ ധർണ്ണ, പൊലീസ് സ്‌റ്റേഷൻ മാർച്ച്, ജില്ലയിലെ ഭൂപ്രശ്നങ്ങളിലെ സമരങ്ങൾ എന്നിങ്ങനെ നിരവധി പ്രക്ഷോഭങ്ങളാണ് കൊവിഡ് കാലത്ത് വിവിധ സ്ഥലങ്ങളിലായി നടന്നത്. ജില്ലാ കോണ്‍ഗ്രസ്- ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളായിരുന്നു മിക്ക സമരങ്ങൾക്കും നേതൃത്വം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി യു.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വരുമെന്നും പകർച്ചവ്യാധി നിരോധന നിയമപ്രകാരം അടക്കം ഫയൽ ചെയ്ത കേസുകള്‍ തള്ളുമെന്നുമുള്ള വിശ്വാസത്തിലാണ് നേതാക്കളും ,യുവ സംഘടനാ നേതാക്കളും അണികളും മുന്നിട്ടിറങ്ങിയത്.എന്നാൽ വീണ്ടും എൽ ഡി എഫ് അധികാരത്തിൽ വന്നതോടെ
കോണ്‍ഗ്രസ് നേതൃത്വം കേസുകളുടെ കാര്യത്തില്‍ മലക്കം മറിഞ്ഞു.പ്രമുഖ നേതാക്കൻമാർ സ്വന്തം നിലയ്ക്ക് പിഴ ഈടാക്കിയും കേസ് ഒതുക്കി തീർത്തും കളമൊഴിയുകയും ചെയ്തു. ലോക് ഡൗൺ സമയത്ത് സമരം നടത്തിയതിന് ഒരു നേതാവിനെതിരെ 20 മുതല്‍ 30 വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് സൂചന. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവ നേതാക്കളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.കൂട്ടം ചേരാൻ നിരോധനമേർപ്പെടുത്തിയ കാലത്ത് സംഘം ചേർന്ന് പ്രക്ഷോഭം നടത്തിയ കേസുകളില്‍ ഒരു കേസിന് 1800 രൂപവരെ പിഴയായി നൽകണം. ഇത്തരത്തില്‍ 15നു മുകളില്‍ കേസുകള്‍ അകപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. ഇതിനു പുറമേ പിഴയില്‍ തീരാത്ത കേസുകളില്‍ അകപ്പെട്ടവരും നിരവധിയാണ്. ഇതിൽ പലകേസുകളും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവയുമാണ്.