ഹെവി ലൈസൻസ് പുതുക്കണോ, ഇനി പരിശീലനവും സർട്ടിഫിക്കറ്റും വേണമെന്ന് കേന്ദ്രസർക്കാർ
ഹെവി ലൈസൻസ് പുതുക്കാൻ തുടർപരിശീലനം നിർബന്ധമാക്കി കേന്ദ്രസർക്കാർ. ലൈസൻസ് പുതുക്കാൻ അംഗീകൃത ഹെവി ഡ്രൈവിങ് സ്കൂളുകളിൽനിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.ലൈസൻസ് പുതുക്കാനുള്ള കേന്ദ്രസർക്കാർ സോഫ്റ്റ്വേറായ ‘സാരഥി’യിലാണ് മാറ്റംവരുത്തിയത്.
വ്യാഴാഴ്ചമുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ശ്രമിച്ചവർക്കാണ് ഫോം-5 എ പ്രകാരമുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടിവന്നത്.2019 മുതൽ കേന്ദ്രനിയമഭേദഗതി നിലവിൽവന്നിരുന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിരുന്നില്ല. സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളിൽ തുടർപരിശീലന കോഴ്സുകളും തുടങ്ങിയിട്ടില്ല. ഇന്ധനക്ഷമത കൈവരിക്കാനും അപകടരഹിതമായി വാഹനം ഓടിക്കാനുമുള്ള പരിശീലനമാണ് നൽകേണ്ടത്.
കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന സാരഥി സോഫ്റ്റ്വേറിൽ മാറ്റംവരുത്തിയസ്ഥിതിക്ക് സംസ്ഥാനത്തും നടപ്പാക്കേണ്ടിവരും. കോഴ്സ് തുടങ്ങിയിട്ടില്ലാത്തതിനാൽ അംഗീകൃത ഹെവി ഡ്രൈവിങ് സ്കൂളിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും റീജണൽ ഡ്രൈവർ ട്രെയിനിങ് സെന്ററും തുടങ്ങാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങൾക്ക് സ്വന്തം ചെലവിലോ സ്വകാര്യ പങ്കാളിത്തത്തോടെയോ ഇവ സജ്ജീകരിക്കാം.