മനോഹര കാഴ്ച ഒരുക്കി അതി സുന്ദരിയായി വാഴവര കൗന്തി
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വാഴവര കൗന്തി കോളനി അതിമനോഹരമായ പ്രദേശമാണ്. ഇവിടെ നിന്നാല്‍ ഇടുക്കി ജലാശയത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാം. കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ട ഒരു പ്രദേശമാണിത്. പ്രകൃതി ഭംഗിയും പ്രകൃതിയുടെ വന്യ സൗന്ദര്യവുമെല്ലാം കൗന്തിയുടെ മാത്രം പ്രത്യേകത.
വാഴവര ആശ്രമം ജംഗ്ഷനില്‍ നിന്ന് കൗന്തി വഴി അഞ്ചുരുളി ജലാശയത്തിലേക്ക് ട്രക്കിങ് ആരംഭിക്കുന്നത് ഈ മേഖലയിലെ ടൂറിസത്തിന് ഊര്‍ജം പകരും. ഈ പ്രദേശത്തെ സ്ഥല പരിചയവും അനുഭവ പരിചയവുമുള്ള ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ ആളുകള്‍ക്ക് പ്രത്യേക പരിശീലനം നല്കി ടൂറിസ്റ്റ് ഗൈഡുകളാക്കിയാല് ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സഹായകരമാകും. അതോടൊപ്പം പ്രദേശവാസികള്‍ക്ക് ജീവിതോപാദിയും ആകും. അതിനുള്ള പദ്ധതികള്‍ ടൂറിസം വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇവിടുത്തെ കോളനി നിവാസികളുടെ ഉന്നമനം ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇടുക്കി നിയോജകമണ്ഡലത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 56 കോളനി, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൗന്തി കോളനി എന്നീ പട്ടികജാതി കോളനികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി രൂപ വീതം അനുവദിച്ചത് ഇതിന്റെ ഭാഗമായാണ്. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മുഖേന വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.
കാല്‍വരി മൗണ്ട് മലനിരകളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം ആണ് കൗന്തി. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ കുടിവെള്ള വിതരണത്തിനാണ് ഏറെ പ്രാധാന്യം നല്‍കേണ്ടത്. ഗതാഗതസൗകര്യങ്ങള്‍ എത്തിക്കുക കുടിവെള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുക, നടപ്പാത നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്കാകും ഇവിടെ മുന്‍തൂക്കം നല്‍കുക.
കോളനിയിലൂടെയുള്ള റോഡുകളുടെ നവീകരണം, തെരുവ് വിളക്കുകള്‍, കുടിവെള്ള പദ്ധതികള്‍, സാനിറ്റേഷന്‍ പ്രവര്‍ത്തികള്‍, വൈദ്യുതീകരണം, ഒന്നിച്ചു ചേരാനുള്ള പൊതുഹാളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ എല്ലാം നവീകരണം ഇതില്‍ പെടും.
ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന ഉള്ളതും കഴിഞ്ഞ പ്രളയകാലത്ത് ഏറെ നാശനഷ്ടം സംഭവിച്ച മേഖലയാണ് 56 കോളനി. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കോളനിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ മാര്‍ഗം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ കൂടി നടപ്പിലാക്കും.
റോഷി അഗസ്റ്റിൻ