ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
പീരുമേട്: വാഗമണ്ണില്‍ നടത്തിയ ഓഫ് റോഡ് റൈഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.
നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നതിനാലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നല്‍കിയത്.
ഈ മാസം 10നാണ് ഇടുക്കി ആര്‍.ടി.ഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍.ടി. ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല.
ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്‍പ് കേസിലുള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം. പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍.ഡി.ഒ ആര്‍. രമണന്‍ പറഞ്ഞു. ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ല കലക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര്‍ സ്‌റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ നിന്നും തരിച്ചറിഞ്ഞ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ 17 പേരോടാണ് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ജോജു ജോര്‍ജ് ഓഫ് റോഡ് ഡ്രൈവിങ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പരാതിയുമായി ടോണി തോമസ് രംഗത്തെത്തിയത്.