അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിക്കടന്ന ബംഗ്ലാദേശി ബാലന് തുണയായി ബിഎസ്എഫ്
ഗാരോ ഹിൽസ്: അബദ്ധത്തിൽ അതിർത്തിക്കടന്ന ബംഗ്ലാദേശിബാലന് തുണയായി ബിഎസ്എഫ്. മൂനീർ ഖാനെ സുരക്ഷിതമായി അതിർത്തിക്കടത്തി ഇന്ത്യയുടെ അതിർത്തിരക്ഷ സേന. മേഘാലയിലെ തെക്കൻ ഗാരോ ഹിൽസ് ജില്ലയുടെ അതിർത്തി പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശി ബാലൻ എത്തിയത്. ഇന്ത്യൻ പ്രദേശത്ത് സംശയസ്പദമായ സാഹചര്യത്തിൽ ബിഎസ്എഫിന്റെ 55മത് ബറ്റാലിയനിലെ ജവാന്മാരാണ് കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയെ ജവാന്മാർ കസ്റ്റഡിയിലെടുത്തു. കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ കുട്ടിയുടെ പേര് മൂനീർ ഖാന്‍ എന്നാണെന്നും അറിയാതെ അതിർത്തിക്കടന്നതാണെന്നും വ്യക്തമായി.
കൂടാതെ ജവാന്മാർ നടത്തിയ തെരച്ചിലിൽ സംശയ്പദമായ ഒന്നും പതിനേഴുകാരനിൽ നിന്ന് കണ്ടെത്താനായില്ല. തുടർന്ന് കുട്ടിക്ക് ആഹാരം അടക്കം നൽകിയ സേന അംഗങ്ങൾ വിവരം അയൽരാജ്യത്തിന്റെ അതിർത്തിസേനയായ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്നലെ നടന്ന ചടങ്ങിൽ മൂനീർഖാനെ ബംഗ്ലാദേശി സേനയ്ക്ക് സുരക്ഷിതമായി കൈമാറി.ഇത്തരത്തിൽ അതിർത്തിക്കടന്ന് എത്തുന്നവർ പ്രായപൂർത്തിയാകാത്തവരോ നിരപരാധികളോ ആണെന്ന് ബോധ്യപ്പെട്ടാൽ ബിഎസ്‌എഫ് എല്ലായ്പ്പോഴും മാനുഷിക സമീപനമാണ് സ്വീകരിക്കുന്നതെന്ന് മേഘാലയ ഫ്രോണ്ടിയർ ബിഎസ്‌എഫ് ഇൻസ്പെക്ടർ ജനറൽ ഇന്ദർജിത് സിംഗ് റാണ പറഞ്ഞു.