വിദ്യാലയങ്ങളുടെ പരിസരത്ത് വന്‍തോതില്‍ കഞ്ചാവും ലഹരിവസ്തുക്കളും വിറ്റഴിക്കുന്നു :കമ്പത്തുനിന്നാണ് കഞ്ചാവെത്തുന്നതെന്ന് റിപ്പോര്‍ട്ട്.
ചെറുതോണി: ജില്ല ആസ്ഥാനത്ത് പൈനാവ് എന്‍ജിനീയറിങ് കോളജിന് സമീപവും മറ്റ് വിദ്യാലയങ്ങളുടെ പരിസരത്തും വന്‍തോതില്‍ കഞ്ചാവും ലഹരിവസ്തുക്കളും വിറ്റഴിക്കുന്നു.
പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ച മുമ്ബ് നാല് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ നാല് പേരെയും അനിശ്ചിതകാലത്തേക്ക് കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതില്‍ രണ്ടു കുട്ടികളെ ഉന്നത സ്വാധീനത്താല്‍ ഏതാനും ദിവസം മുമ്ബ് തിരിച്ചെടുത്തിരുന്നു.
വ്യാജമദ്യം മുതല്‍ കഞ്ചാവ് വരെ സുലഭമായി വിദ്യാര്‍ഥികള്‍ക്കടക്കം ലഭിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സ്ഥലത്തെത്തിച്ചു നല്കുന്ന ഏജന്റുമാരായും വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വില്പനക്കാരുടെ ഫോണ്‍ നമ്ബറുകള്‍ ആവശ്യക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഹരിവസ്തുക്കള്‍ സ്ഥലത്തെത്തിച്ചു നല്‍കും. ചില വിദ്യാര്‍ഥികള്‍ കഞ്ചാവിന് അടിമകളാണന്ന് സഹപാഠികള്‍ പറയുന്നു. വിവിധ ജില്ലകളില്‍നിന്ന് ഇവിടെയെത്തി ഹോസ്റ്റലില്‍ താമസിക്കുന്നവരാണധികവും.
കഞ്ഞിക്കുഴി, തള്ളക്കാനം, ചേലച്ചുവട് എന്നിവടങ്ങളില്‍ സ്കൂള്‍ സമീപ പ്രദേശങ്ങളിലും അടുത്തകാലത്തായി ലഹരിവസ്തു വില്പന വ്യാപകമായതായി പരാതിയുണ്ട്. ചേലച്ചുവട് കട്ടിങ്ങില്‍ ടൂറിസ്റ്റുകളെന്ന വ്യാജേന കല്ലുമ്മേക്കല്ലിന്റെ ചുവട്ടിലെത്തി കഞ്ചാവ് കൈമാറ്റവും വില്പനയും നടത്തുന്നതായാണ് വിവരം. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ അന്നുതന്നെ ജാമ്യം കിട്ടുമെന്നതിനാല്‍ ചെറു പൊതികളാക്കിയാണ് വില്പന. തമിഴ്നാട്ടിലെ കമ്ബത്തുനിന്നാണ് ഇവിടെ കഞ്ചാവെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.