2022 വര്‍ഷത്തെ കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തന മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു
റോഡരികില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ നീക്കം ചെയ്യുവാന്‍ പൊതുമരാമത്ത് റോഡ്സ്, എന്‍.എച്ച്. എല്‍.എസ്.ജി.ഡി എന്നിവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. റോഡിന്റെ വശങ്ങളില്, വനഭൂമിയില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തി. ഓഫീസ് പരിസരത്ത് അപകടകരമായി നില്ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യുവാന്‍ ഓഫീസ് മേധാവികള്‍ നടപടി സ്വീകരിക്കണം.
സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂഉടമ വഹിക്കേണ്ടതാണ്. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നീക്കുന്നതിന് വില്ലേജ് തല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യവകപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം.
മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍ (എ.എല്‍.എസ് സൗകര്യത്തോടു കൂടിയതും) സജ്ജമാക്കണം.
റോഡിന്റെ വശങ്ങളില് കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനും നിലവിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കില്‍ പുതിയവ സ്ഥാപിക്കുന്നതിനും പിഡബ്ല്യുഡി റോഡ്സ്, എന്‍എച്ച് വകുപ്പുകളെ ചുമതലപ്പെടുത്തി. റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും ആറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും PWD Roads, NH, LSGD വകുപ്പുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നൽകി. ജില്ലയിലെ പ്രധാന റോഡുകളുടെ സെന്‍ട്രല്‍ ലൈന്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ വരയ്ക്കുന്നതിന് PWD Roads, NH എന്നിവയെ ചുമതലപ്പെടുത്തി.
റോഡുകളുടെ വശങ്ങളിലെ
ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ പരിശോധിക്കുന്നതിനും അപകടാവസ്ഥയിലുള്ളവ എത്രയും വേഗം മാറ്റി സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് റോഡ്സ് എന്‍.എച്ച്, എല്‍.എസ്.ജി.ഡി എന്നീ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യു വകുപ്പുകളുടെ കൈവശമുള്ള എല്ലാ അസ്കാ ലൈറ്റുകളും പ്രവര്‍ത്തനസജ്ജം ആണെന്ന് ഉറപ്പുവരുത്തണം.
ജില്ലയിലെ എല്ലാ സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതും. പരിസരങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉറപ്പു വരുത്തണം. സ്വകാര്യ സ്കൂളുകളിലുള്‍പ്പെടെ അപകടകരമായുള്ള മരങ്ങള്‍ ശിഖരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കണം. ജില്ലയിലുളള അങ്കണവാടികളുടെയും സ്കൂള്‍ ബസുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വനിതാ, ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.
പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പുള്ള വേലി മതില് കെട്ടി സംരക്ഷിക്കണം. നിര്‍ദ്ദേശം എല്ലാ സ്വകാര്യ പാറമട ഉടമസ്ഥരും പാലിച്ചു എന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് നിര്‍ദ്ദേശം നൽകി. പുറമ്പോക്കില്‍ ഉള്ള നിലവില്‍ പ്രവര്‍ത്തനം നിലച്ച പാറമടകളില്‍ ഉള്ള ഇത്തരം കുളങ്ങള്‍ക്ക് ചുറ്റും കമ്പിവേലി, മതില് കെട്ടി സംരക്ഷിക്കേണ്ട ചുമതല മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനാണ്. ഇതിനാവശ്യമായ തുക പ്രസ്തുത വകുപ്പ് ക്വാറി സേഫ്റ്റി ഫണ്ട് / ഡിസ്റ്റിക് മിനറല്‍ ഫൗണ്ടേഷന് ഫണ്ട് എന്നിവയില്‍ നിന്നും കണ്ടെത്തേണ്ടതാണ്.
പടുതാ കുളങ്ങള്‍ പരിശോധിച്ച് അപകടാവസ്ഥയില്ലാ എന്ന് ഉറപ്പുവരുത്തുന്നതിനു ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പടുതാ കളങ്ങള്‍ക്ക് സുരക്ഷാ വേലികള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചെറുകിട ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രൂപീകരിച്ചിട്ടുള്ള സന്നദ്ധസേന വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ ജില്ലാ ഫയര്‍ ഓഫീസറുമായി ചേര്‍ന്ന് പൂര്‍ത്തീകരിക്കുവാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കണം.
ജെസിബി, ഹിറ്റാച്ചി, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങള്‍ എന്നിവ കണ്ടെത്തി ഇവയുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് മുഖേന ക്രോഡീകരിച്ച് മെയ് 31 നുമുമ്പായി ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കാര്യാലയത്തില്‍ ലഭ്യമാക്കണം. പുഴകളില്‍ അടിഞ്ഞു കൂടിയ എക്കല്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണ്. മാറ്റി പാര്‍പ്പിക്കേണ്ട എല്ലാ വരുടെയും വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച് ക്രോഡീകരിച്ച് സമര്‍പ്പിക്കുവാന്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് നിര്‍ദ്ദേശം നല്കുന്നു.
മഴവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദി തീരങ്ങള്‍, കുളിക്കടവുകള്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ബോര്‍ഡുകളിൽ മലയാളം ഹിന്ദി തമിഴ് ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കരുതലായി ബഹിര്‍ഗമന പാതയിലൂടെ ഇരുവശങ്ങളിലുമുള്ള മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിവര ശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി ഡി ഇ ഒ സി യില്‍ സമര്‍പ്പിക്കുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തുന്നു.
എല്ലാ വകുപ്പുകളുടേയും കീഴിലുള്ള വാഹനങ്ങള്‍, യന്ത്രാപകരണങ്ങള് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തന ക്ഷമമാണെന്ന് ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. 2022 മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങളുടേയും, ഓറഞ്ച് ബുക്ക് 2021 ന്റേയും അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതാണെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.