അപകടമുണ്ടാക്കിയിട്ടും ബസ് ഡ്രൈവർക്ക് കൂസലില്ല.. ഇടിച്ചിട്ടും വാഹനം നിർത്താതെ പോയതോടെ കാറുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്നും പൊലീസ് പിന്നാലെ എത്തി ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താൻ കൂട്ടാക്കിയില്ല. കെ ഇ മോട്ടോഴ്സിലെ മദ്യപാനി ഡ്രൈവർ യാത്രക്കാരുടെ ജീവന് വില പറഞ്ഞത് അരമണിക്കൂറോളം..
കട്ടപ്പന : മദ്യലഹരിയിൽ ബസോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ കസ്റ്റഡിയിൽ. കട്ടപ്പന ചങ്ങനാശ്ശേരി റൂട്ടിലോടുന്ന കെ ഇ മോട്ടോഴ്സിലെ ഡ്രൈവർ മുക്കൂട്ടുതറ സ്വദേശി സന്തോഷ് ( 46 ) നെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇന്നലെ വൈകിട്ട് 5.30 ഓട് കൂടി പള്ളിക്കവലയിലെ ഫെഡറൽ ബാങ്കിന്റെ പുതിയ ശാഖയ്ക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാഞ്ചിയാർ സ്വദേശി ജിൽസൺ എന്നയാളുടെ സ്വിഫ്റ്റ് കാറിന് പിന്നിലാണ് അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചത്.അപകടമുണ്ടാക്കിയിട്ടും ഡ്രൈവർ വാഹനം നിർത്താതെ പോയതോടെ കാറുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്നും പൊലീസ് പിന്നാലെ എത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താൻ കൂട്ടാക്കിയില്ല.തുടർന്ന് കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയാണ് ചെയ്തത്.ബസ് ഓടിച്ചിരുന്ന സന്തോഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പടെ ബസിൽ നിറയെ ആളുകളെയുമായിട്ടാണ് ഇയാൾ അമിത വേഗത്തിൽ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് കട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിക്കുള്ള അവസാന സർവ്വീസ് ആയതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് മറ്റൊരു ഡ്രൈവറെ എത്തിച്ച് യാത്ര തുടരാൻ പൊലീസ് ഉടമക്ക് അനുമതി നൽകി.മദ്യപിക്കുകയും തുടർന്ന് അപകടമുണ്ടാക്കുകയും ചെയ്ത ഡ്രൈവറുടെ ലൈസൻസ് അടക്കം റദ്ദ് ചെയ്യും.എസ് ഐ മധു,സി പി ഒ മാരായ സനീഷ്,സിയാദ് എന്നിവരാണ് മദ്യലഹരിയിൽ ബസോടിച്ച ഡ്രൈവറെ പിടികൂടിയത്.