എടവപ്പാതി ഇത്തവണ മേയ് 27-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്.
എടവപ്പാതി അഥവാ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ മേയ് 27-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്.
നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്.
ജൂണ്‍ ഒന്നിനാണ് സാധാരണമായി കാലവര്‍ഷം കേരളത്തിലെത്തുന്നത്. അന്തമാനില്‍ ഇത്തവണ ഒരാഴ്ച നേരത്തേ കാലവര്‍ഷം എത്തുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. കേരളത്തില്‍ കാലവര്‍ഷത്തിന്റെ നേരത്തേയുള്ള വരവിന് സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ഇത്തവണ അതുസംബന്ധിച്ച പ്രവചനവും നേരത്തേയാക്കി.
ഭൂമധ്യരേഖ കടന്നുള്ള കാറ്റിന്റെ വരവിന് ശക്തികൂടിയതിനാല്‍ കേരളത്തില്‍ ഇപ്പോള്‍ പലയിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. അടുത്ത നാലുദിവസവും മഴ തുടരും. കനത്തമഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
ശനിയാഴ്ച ഒമ്ബതുജില്ലകളില്‍ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം.
ഞായറാഴ്ച 10 ജില്ലകളില്‍ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.