തൊടുപുഴ കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് വ്യാജ തിരിച്ചറിയിൽ കാർഡ് പിടികൂടി
ഇന്ന് നടക്കുന്ന പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് അച്ചടിച്ച വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തി . സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനുമായിരുന്ന തൊടുപുഴ ജയനിലയം ആർ . ജയനെ അറസ്റ്റ് ചെയ്തു.
ജയന്റെ സഹായിയായ വെങ്ങല്ലൂർ പെരുനിലം ബഷീറിനെ കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് തിരിച്ചറിയൽ കാർഡ് പിടികൂടിയത്. ബാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന യാതാർത്ഥ കാർഡിന് സമാനമായി വോട്ടർമാരുടെ ഫോട്ടോയും ക്രമ നമ്പരും പതിച്ച വ്യാജ 56 കാർഡുകൾ റെയ്ഡിൽ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇതോടൊപ്പം ഒന്നും രേഖപ്പെടുത്താത്ത 224 ബാങ്ക് കാർഡുകളും 428 പേരുടെ ആധാർ കാർഡിന്റെ ഫോട്ടോ കോപ്പിയും കണ്ടെടുത്തിട്ടുണ്ട്. കാർഡ് അച്ചടിച്ച സ്ഥലം, എത്രപേർക്ക് വിതരണം ചെയ്തു തുടങ്ങിയവ ഉൾപ്പെടെയുള്ല കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് ജയന്റെ വീട്ടിലെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു.
അതേസമയം വ്യാജമായി തയാറാക്കിയ തിരിച്ചറിയൽ കാർഡുകൾ മുട്ടത്തുനിന്നും പിടികൂടിയിട്ടുണ്ട്. കോൺ.മണ്ഡലം പ്രസിഡണ്ടിന്റെ വാഹനത്തിൽ കൊണ്ടുവന്ന കാർഡുകളാണ് പിടികൂടിയത്. കാർഡുകളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിൽ അറിയിക്കുകയായിരുന്നു . പോലീസ് എത്തിയപ്പോഴെക്കും കാർഡുകൾ റോഡിൽ വലിച്ചെറിഞ്ഞ് ഇവർ ഓടി രക്ഷപെടുകയായിരുന്നു. 50 ഓളം കാർഡുകൾ പോലീസ് കണ്ടെത്തി, ബാങ്ക് സെക്രട്ടറി പിട്ടതും ഒപ്പിടാത്തതുമായ കാർഡുകൾ ഇക്കൂട്ടത്തിൽ ണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.