കോട്ടയം ജില്ലയിലെ 2 അങ്കണവാടികളിലെ 16 കുട്ടികൾക്കു തക്കാളിപ്പനി സ്ഥിരീകരിച്ചു.
കോട്ടയം / അതിരമ്പുഴ : ജില്ലയിലെ 2 അങ്കണവാടികളിലെ 16 കുട്ടികൾക്കു തക്കാളിപ്പനി സ്ഥിരീകരിച്ചു. നാട്ടകം, മാന്നാനം മേഖലകളിലെ അങ്കണവാടിയിലെ കുട്ടികൾക്കാണു രോഗബാധ. നാട്ടകത്ത് 12 പേരിലും അങ്കണവാടിയിൽ പോകാത്ത മറ്റൊരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. മാന്നാനത്ത് 4 കുഞ്ഞുങ്ങൾക്കാണു രോഗം. ഭയപ്പെടാനില്ലെന്നും വേഗത്തിൽ തന്നെ മാറുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.പ്രിയ പറഞ്ഞു.
മാന്നാനത്തും പരിസരങ്ങളിലും മെഡിക്കൽ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇന്നലെ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണു സ്ഥലങ്ങൾ സന്ദർശിച്ചത്. വീടുകളിൽ ബോധവൽക്കരണവും നടത്തി. റിപ്പോർട്ട് ഡിഎംഒക്കു കൈമാറി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ആശാ പ്രവർത്തകരും ഇന്നും സ്ഥലങ്ങൾ സന്ദർശിക്കും. കൂടുതൽ രക്ഷിതാക്കളെയും കുട്ടികളെയും കാണും. മാന്നാനം ഇത്തമ്മത്തടം അങ്കണവാടിയുടെ മേഖലകളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.