അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം;ജില്ലാതല ആഘോഷ പരിപാടികള്‍ നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാതല നഴ്‌സസ് ദിനാചരണം തൊടുപുഴയില്‍ നടത്തി. ആധുനിക നഴ്‌സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 202-മത് ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആതുര സേവന രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ് നഴ്‌സുമാര്‍.
നിപ്പയും പ്രളയവും കോവിഡ് മഹാമാരിയും ഉയര്‍ത്തിയ പ്രതിസന്ധി ഘട്ടത്തില്‍ ആത്മധൈര്യം കൈവിടാതെ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നവര്‍. സഹനത്തിന്റെ പ്രതീകമായ നഴ്‌സുമാരോട് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആഘോഷ പരിപാടികള്‍ നടത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ദിനാചരണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു.
തൊടുപുഴയില്‍ നടത്തിയ ദിനാചരണത്തോടനുബന്ധിച്ച് നഴ്‌സ്ദിന സന്ദേശ റാലി, സെമിനാര്‍, കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയവരെ ആദരിക്കല്‍, കലാപരിപാടികള്‍, വിരമിച്ചവരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ദിനാചരണ പരിപാടികള്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു ചടങ്ങില്‍ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗീസ് നഴ്‌സസ് ദിന സന്ദേശം നല്‍കി.
ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ബി. ശാന്തി പതാക ഉയര്‍ത്തി. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി റാലി ഫ്ളാഗ് ഓഫ് ചെയ്തു.
തൊടുപുഴ ജില്ല ആശുപത്രി ആര്‍.എം.ഒ ഡോ. സി.ജി. പ്രീതി, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റല്‍ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ജയന്‍ ജയിംസ്, റിട്ട. നഴ്‌സിങ് സംഘടന (വാര്‍നി) ജില്ലാ ട്രഷറര്‍ പി.ജി. രാധാമണി, മുട്ടം സ്‌കൂള്‍ ഓഫ് നഴ്‌സിങ് ട്യൂട്ടര്‍ ജെ. സജീന, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി കെ.എച്ച്. ഷൈല, കെ.ജി.എന്‍.യു ജില്ലാ പ്രസിഡന്റ് എം.ആര്‍. ഷീജ, കെ.ജി.എസ്.എന്‍.എ ജില്ലാ സെക്രട്ടറി ഇന്‍ഷാ ജാഫര്‍, പാലിയേറ്റീവ് യൂണിറ്റ് ജില്ലാ പ്രസിഡന്റ് റ്റി.ആര്‍. മിനി എന്നിവര്‍ സംസാരിച്ചു. റിട്ടയേര്‍ഡ് ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്മാരായ നിമ്മി.കെ.കെ., ഓമന. എം.കെ., സംസ്ഥാന തല ജി.എന്‍.എം – കേരളാ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മരിയാ തോമസ് (ബിഷപ്പ് വയലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് മൂലമറ്റം), രണ്ടാം റാങ്ക് നേടിയ മരിയാ മാത്യു (ഹോളി ഫാമിലി സ്‌കൂള്‍ ഓഫ് നഴ്‌സിങ് മുതലക്കോടം) എന്നിവരെ അനുമോദിച്ചു.
ജില്ലാ തല നഴ്‌സിങ് ദിന റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബിഷപ്പ് വയലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് മൂലമറ്റം, കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് നഴ്‌സിങ് തൊടുപുഴ, ഹോളി ഫാമിലി സ്‌കൂള്‍ ഓഫ് നഴ്‌സിങ് മുതലക്കോടം എന്നീ നഴ്‌സിങ് സ്‌കൂളുകള്‍ക്ക് സമ്മാന വിതരണവും നടത്തി. ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ബി. ശാന്തി സ്വാഗതവും സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ രജനി.എം.ആര്‍ കൃതജ്ഞതയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ നിരവധി നഴ്സുമാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. തൊടുപുഴ നഗരത്തില്‍ സംഘടിപ്പിച്ച റാലിയില്‍ 750 ഓളം നഴ്‌സുമാര്‍ പങ്കെടുത്തു.