നാട്ടുവാര്‍ത്തകള്‍
ഉപയോഗരഹിതമായ കിണറ്റിൽ 12 കാട്ടുപന്നിക്കുഞ്ഞുങ്ങളെ കണ്ടെത്തി.
കട്ടപ്പന ∙ കൃഷിയിടത്തിലെ ഉപയോഗരഹിതമായ കിണറ്റിൽ 12 കാട്ടുപന്നിക്കുഞ്ഞുങ്ങളെ കണ്ടെത്തി. നരിയമ്പാറ ഏഴിലക്കുന്നേൽ ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഒരുവയസോളം പ്രായമുള്ള പന്നിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇന്നലെ രാവിലെ പുല്ലരിയാൻ കൃഷിയിടത്തിൽ എത്തിയവരാണ് പന്നിക്കുഞ്ഞുങ്ങളെ കണ്ടത്. വനം വകുപ്പിന്റെ കാഞ്ചിയാറിലെ റേഞ്ച് ഓഫിസിൽ നിന്ന ഉദ്യോഗസ്ഥർ എത്തിയശേഷം പന്നിക്കുഞ്ഞുങ്ങളെ പുറത്തെടുത്ത് കൊന്നശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചുമൂടി.
കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നിലനിൽക്കുന്നതിലാണ് ഇവയെ കൊന്നത്. മുൻപ് കപ്പയും മറ്റും കൃഷി ചെയ്തിരുന്ന ഈ സ്ഥലത്ത് കാട്ടുപന്നിശല്യം വർധിച്ചതോടെ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുന്നില്ല.സമീപ മേഖലകളിൽ കപ്പയും ചേമ്പും മറ്റും കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.