ജില്ലയില്‍ ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വന്‍കുതിപ്പ്.
ജില്ലയില്‍ ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വന്‍കുതിപ്പ്. മുടങ്ങിക്കിടന്ന പദ്ധതികള്‍ കമീഷന്‍ ചെയ്‌തതും പുതിയവയ്‌ക്ക് തുടക്കംകുറിച്ചതും സംസ്ഥാനത്തെതന്നെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമാകും. വൈദ്യുതി മേഖലയിലെ ചരിത്രനേട്ടം അനാവരണം ചെയ്യുന്നതാണ് വാഴത്തോപ്പില്‍ ഒരുക്കിയിട്ടുള്ള എന്റെ കേരളം ചിത്രപ്രദര്‍ശനം. എം എം മണി എംഎല്‍എയുടെ ശക്തമായ ഇടപെടലില്‍ ഉറങ്ങിക്കിടന്ന പല പദ്ധതികളും വെളിച്ചം കാണാനിടയായി.വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന രണ്ട് മെഗാവാട്ട് ശേഷിയുള്ള അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി കമീഷന്‍ചെയ്‌തത് അടുത്തനാളിലാണ്. പല കാരണങ്ങളാലും ഇഴഞ്ഞുനീങ്ങിയിരുന്ന 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം വേഗത്തിലാക്കാനായി. നിലവിലെ നിര്‍മാണപുരോഗതി പ്രകാരം തൊട്ടിയാര്‍ പദ്ധതിയില്‍നിന്ന് ജൂലൈ അവസാനത്തോടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവും.
പള്ളിവാസല്‍ പദ്ധതി
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്ന 60 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയും അതിവേഗം മുന്നേറുന്നുണ്ട്. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഇലക്‌ട്രോ മെക്കാനിക്കല്‍ ജോലികള്‍ പുതിയ കരാറുകാരന് നല്‍കിയതിനെത്തുടര്‍ന്ന് പ്രവൃത്തികള്‍ വേഗത്തിലായി. ദശാബ്‌ദത്തിലേറെയായി മുടങ്ങിക്കിടന്ന 40 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഭൂരിഭാഗം സ്ഥലവും എറ്റെടുത്ത് നിര്‍മാണം ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ മാങ്കുളം പദ്ധതിയുടെ സ്ഥാപിതശേഷി 100 മെഗാവാട്ടായി ഉയര്‍ത്താനും വിഭാവനം ചെയ്യുന്നുണ്ട്. ഒന്നാംഘട്ടത്തിന് ആവശ്യമായ ഭൂമിയുടെ 98 ശതമാനവും പൊന്നിനേക്കാള്‍ വിലയില്‍ ഏറ്റെടുത്ത് കഴിഞ്ഞു.
24 മെഗാവാട്ടുമായി ചിന്നാര്‍
ഇരുപത്തിനാല് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ചിന്നാര്‍ ജലവൈദ്യുത പദ്ധതി സമയബന്ധിതമായി പുരോഗമിക്കുകയാണ്. ചിന്നാര്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന പവര്‍ ഹൗസ്, പെന്‍സ്റ്റോക്ക്, വാല്‍വ് ഹൗസ്, ഇലക്‌ട്രോ മെക്കാനിക്കല്‍ ജോലികളുടെ നിര്‍മാണോദ്ഘാടനം ഈ മാസംതന്നെ നടത്താനാണ് കെഎസ്‌ഇബിയുടെ ആലോചന. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദേശിക്കുന്ന പദ്ധതിയില്‍നിന്ന് 764.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. ചിന്നാര്‍ പദ്ധതി ഒന്നാംഘട്ടം പ്രവൃത്തികള്‍ കഴിഞ്ഞ നാലുവര്‍ഷമായി സമയബന്ധിതമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
കീരിത്തോട് പദ്ധതി സര്‍വേ
ഇടുക്കി പദ്ധതിയുടെ ഡാമിന് താഴെയുള്ള പെരിയാറിലെ അധികജലം ഉപയോഗിച്ച് 12 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കീരിത്തോട് പദ്ധതിയുടെ സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിനുള്ള ഉത്തരവ് ബോര്‍ഡ് നല്‍കിക്കഴിഞ്ഞു. ഫോസില്‍ അധിഷ്‌ഠിത ഇന്ധനം ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന ഇക്കാലത്ത് കാര്‍ബണ്‍ പ്രസരണം കുറയ്ക്കാന്‍ സഹായിക്കുന്നതും ആഗോളതാപനം നിയന്ത്രിക്കാന്‍ കഴിയുന്നതുമായ ജലവൈദ്യുത പദ്ധതികള്‍ പരമാവധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും കെഎസ്‌ഇബിയും ശ്രമിക്കുന്നതിന് ഉദാഹരണമാണ് എണ്ണമറ്റ സംരംഭങ്ങള്‍. സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ വൈദ്യുതി ഉല്‍പ്പാദനരംഗത്ത് ജില്ലയുടെ സംഭാവന വിലപ്പെട്ടതാണ്.