ചെയിൻ പോലെ നീളുന്നു, 10 ചെയിനിലെ പട്ടയപ്രശ്നം…
അടിമാലി ∙ കല്ലാർകുട്ടി 10 ചെയിൻ മേഖലയിലെ കർഷകരുടെ പട്ടയപ്രശ്നം പരിഹാരമില്ലാതെ നീളുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ മാത്രമാണു മേഖലയിലെ പട്ടയപ്രശ്നം സജീവമാകുന്നതെന്നു കൃഷിക്കാർ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കല്ലാർകുട്ടിയിലെ പട്ടയപ്രശ്നം പഠിച്ച് പരിഹാരം കാണുന്നതിനു സർക്കാർ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതോടൊപ്പം ജില്ലാ ഭരണകൂടം സർവേ ഉദ്യോഗസ്ഥരെയും നിയമിച്ചതോടെ ഉടൻ പട്ടയം ലഭിക്കുമെന്ന പ്രതീതി ഉയർന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കമ്മിഷനും സർവേ ജോലികളും രാഷ്ട്രീയനാടകമായി മാറുന്നതാണു കർഷകർ കണ്ടത്.
ജില്ലയിലെ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് കർഷകർക്കു പട്ടയം നിഷേധിക്കുന്നതിന് എതിരെയുള്ള പ്രക്ഷോഭങ്ങൾക്കു തുടക്കം കുറിച്ചതു കല്ലാർകുട്ടിയിലായിരുന്നു. അണക്കെട്ട് നിർമിക്കുന്നതിനു മുൻപു കുടിയേറിയ കർഷകരാണ് ഇവിടെയുള്ളത്. ഇതോടൊപ്പം 1965 കാലഘട്ടത്തിൽ അണക്കെട്ടിന്റെ ജലാശയത്തിനു സമീപമുള്ള ഏതാനും കൃഷിഭൂമിക്കു സർക്കാർ പട്ടയം നൽകിയിട്ടുമുണ്ട്. ഇത്തരം സാഹചര്യത്തിലാണു മേഖലയിലെ പട്ടയ പ്രശ്നത്തിനു പരിഹാരം ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചത്.
മുൻ സർക്കാരുകളുടെ കാലത്ത് ഇരട്ടയാർ ഡാമിന്റെ മഴപ്രദേശം ഉൾപ്പെടുന്ന 10 ചെയിൻ, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ 7 ചെയിൻ ഉൾപ്പെടുന്ന അയ്യപ്പൻകോവിൽ, ഉപ്പുതറ മേഖലകളിലും പട്ടയം നൽകാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ മൂവായിരത്തി അഞ്ഞൂറോളം കുടുംബങ്ങൾ പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന കല്ലാർകുട്ടിയെ നടപടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇടുക്കി, ദേവികുളം താലൂക്കുകളിൽ ഉൾപ്പെടുന്ന വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകളിൽ ഉൾപ്പെട്ടതാണു കല്ലാർകുട്ടി 10 ചെയിൻ പ്രദേശം.
എണ്ണായിരത്തോളം വരുന്ന ജനങ്ങളുടെ ദുരിതപൂർണമായ ജീവിതം ഇവിടത്തെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും കണ്ടില്ലെന്നു നടിക്കുന്നതു പ്രതിഷേധത്തിന് ഇടയാക്കുകയാണ്. കാർഷിക മേഖലയുടെ തകർച്ചയും കോവിഡ് മഹാമാരി മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധിയും നേരിടുന്ന കാലയളവിൽ സർക്കാർ നൽകുന്ന സഹായങ്ങൾ, കാർഷിക വായ്പകൾ എന്നിവ പട്ടയം ഇല്ല എന്ന കാരണത്താൽ കർഷകർക്കു നിഷേധിക്കുകയാണ്. ഇതോടെ ദൈനംദിന ജീവിതം കരുപ്പിടിപ്പിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇത്തരം സാഹചര്യത്തിൽ കല്ലാർകുട്ടി പട്ടയ വിഷയത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്