Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ജലവൈദ്യുത പദ്ധതി നിർമാണ പ്രവർത്തനങ്ങളിൽ വൻകുതിപ്പ്‌



ഇടുക്കി
ജില്ലയിൽ ജലവൈദ്യുത പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങളിൽ വൻകുതിപ്പ്‌. മുടങ്ങിക്കിടന്ന പദ്ധതികൾ കമീഷൻ ചെയ്‌തതും പുതിയവയ്‌ക്ക്‌ തുടക്കംകുറിച്ചതും സംസ്ഥാനത്തെതന്നെ ഊർജപ്രതിസന്ധിക്ക്‌ പരിഹാരമാകും. വൈദ്യുതി മേഖലയിലെ ചരിത്രനേട്ടം അനാവരണം ചെയ്യുന്നതാണ്‌ വാഴത്തോപ്പിൽ ഒരുക്കിയിട്ടുള്ള എന്റെ കേരളം ചിത്രപ്രദർശനം. എം എം മണി എംഎൽഎയുടെ ശക്തമായ ഇടപെടലിൽ ഉറങ്ങിക്കിടന്ന പല പദ്ധതികളും വെളിച്ചം കാണാനിടയായി.


വർഷങ്ങളായി മുടങ്ങിക്കിടന്ന രണ്ട്‌ മെഗാവാട്ട് ശേഷിയുള്ള അപ്പർ കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതി കമീഷൻചെയ്‌തത്‌ അടുത്തനാളിലാണ്‌. പല കാരണങ്ങളാലും ഇഴഞ്ഞുനീങ്ങിയിരുന്ന 40 മെഗാവാട്ടിന്റെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി നിർമാണം വേഗത്തിലാക്കാനായി. നിലവിലെ നിർമാണപുരോഗതി പ്രകാരം തൊട്ടിയാർ പദ്ധതിയിൽനിന്ന്‌ ജൂലൈ അവസാനത്തോടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവും.
പള്ളിവാസൽ പദ്ധതി
നിർമാണപ്രവർത്തനങ്ങൾ നിലച്ചിരുന്ന 60 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പള്ളിവാസൽ ജലവൈദ്യുത പദ്ധതിയും അതിവേഗം മുന്നേറുന്നുണ്ട്‌.

പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഇലക്‌ട്രോ മെക്കാനിക്കൽ ജോലികൾ പുതിയ കരാറുകാരന്‌ നൽകിയതിനെത്തുടർന്ന്‌ പ്രവൃത്തികൾ വേഗത്തിലായി. ദശാബ്‌ദത്തിലേറെയായി മുടങ്ങിക്കിടന്ന 40 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഭൂരിഭാഗം സ്ഥലവും എറ്റെടുത്ത് നിർമാണം ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ മാങ്കുളം പദ്ധതിയുടെ സ്ഥാപിതശേഷി 100 മെഗാവാട്ടായി ഉയർത്താനും വിഭാവനം ചെയ്യുന്നുണ്ട്. ഒന്നാംഘട്ടത്തിന്‌ ആവശ്യമായ ഭൂമിയുടെ 98 ശതമാനവും പൊന്നിനേക്കാൾ വിലയിൽ ഏറ്റെടുത്ത്‌ കഴിഞ്ഞു.


24 മെഗാവാട്ടുമായി ചിന്നാർ
ഇരുപത്തിനാല്‌ മെഗാവാട്ട്‌ സ്ഥാപിതശേഷിയുള്ള ചിന്നാർ ജലവൈദ്യുത പദ്ധതി സമയബന്ധിതമായി പുരോഗമിക്കുകയാണ്‌. ചിന്നാർ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പവർ ഹൗസ്, പെൻസ്റ്റോക്ക്, വാൽവ് ഹൗസ്, ഇലക്‌ട്രോ മെക്കാനിക്കൽ ജോലികളുടെ നിർമാണോദ്ഘാടനം ഈ മാസംതന്നെ നടത്താനാണ്‌ കെഎസ്ഇബിയുടെ ആലോചന. രണ്ട് വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ ഉദേശിക്കുന്ന പദ്ധതിയിൽനിന്ന്‌ 764.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ചിന്നാർ പദ്ധതി ഒന്നാംഘട്ടം പ്രവൃത്തികൾ കഴിഞ്ഞ നാലുവർഷമായി സമയബന്ധിതമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.



കീരിത്തോട് പദ്ധതി സർവേ
ഇടുക്കി പദ്ധതിയുടെ ഡാമിന് താഴെയുള്ള പെരിയാറിലെ അധികജലം ഉപയോഗിച്ച് 12 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കീരിത്തോട് പദ്ധതിയുടെ സർവേ നടപടികൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് ബോർഡ് നൽകിക്കഴിഞ്ഞു. ഫോസിൽ അധിഷ്‌ഠിത ഇന്ധനം ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങൾ കുറച്ചുകൊണ്ടുവരുന്ന ഇക്കാലത്ത് കാർബൺ പ്രസരണം കുറയ്ക്കാൻ സഹായിക്കുന്നതും ആഗോളതാപനം നിയന്ത്രിക്കാൻ കഴിയുന്നതുമായ ജലവൈദ്യുത പദ്ധതികൾ പരമാവധി നടപ്പാക്കാൻ സംസ്ഥാന സർക്കാരും കെഎസ്‌ഇബിയും ശ്രമിക്കുന്നതിന്‌ ഉദാഹരണമാണ്‌ എണ്ണമറ്റ സംരംഭങ്ങൾ. സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ വൈദ്യുതി ഉൽപ്പാദനരംഗത്ത് ജില്ലയുടെ സംഭാവന വിലപ്പെട്ടതാണ്‌.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!