ഇടുക്കി ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാന പ്രദര്‍ശനവും പ്രകടനവും നടത്തി. എൻ്റെ കേരളം മേളയിൽ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ ഒരുക്കിയിട്ടുള്ള എൻ്റെ കേരളം ജില്ലാതല പ്രദർശന-വിപണന മേളയില്‍ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും ലെയ്ക്കയും. ഇടുക്കി ഡോഗ് സ്ക്വാഡിലെ പരിശീലനം നേടിയ നായ്ക്കളാണ് മൂവരും. മേളയുടെ ആഘോഷ നഗരിയില്‍ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം പ്രേക്ഷകരുടെ കൈയ്യടി നേടി. പരേഡ്, ഒബീഡിയന്‍സ്, ഫയര്‍ ജംമ്പ്, ഹഡില്‍സ്, നര്‍ക്കോട്ടിക് ഡിറ്റെക്ഷന്‍, എക്സ്പ്ലോസീവ് ഡിറ്റക്ഷന്‍ തുടങ്ങി ജില്ലാ ഡോഗ് സ്ക്വാഡിന്റെ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് ഡോളിയും സ്റ്റെഫിയും ലെയ്ക്കയും കാണികള്‍ക്ക് മുമ്പില്‍ കാഴ്ച്ച വച്ചത്. ഡീഗിള് ഇനത്തില്‍പ്പെട്ട ഡോളി എക്സ്പ്ലോസീവ് ഡിറ്റക്ഷനില്‍ തന്റെ കണിശത പുലര്‍ത്തിയപ്പോള്‍, ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ലെയ്ക്ക നര്‍ക്കോട്ടിക്ക് ഡിറ്റക്ഷനിലും സ്റ്റെഫി ഫയര്‍ ജംമ്പിലും ഹഡില്‍സിലും കൃത്യത പുലര്‍ത്തി. ജില്ലാ പോലീസ് മേധാവി ആര് കറുപ്പ സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം ഡോഗ് സ്ക്വാഡ് ഇന്‍ ചാര്‍ജ്ജ് റോയി തോമസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എബിന്, ജുബിന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇടുക്കിയുടെ ശ്വാന സേനയുടെ കൈയ്യടി നേടിയ പ്രകടനം. ഡോഗ് സ്ക്വാഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയദുരീകരണത്തിനും ശ്വാനസേനയുടെ പ്രകടനവേദിയില്‍ അവസരമൊരുക്കിയിരുന്നു. കാഴ്ച്ചക്കാരുടെ പങ്കാളിത്തതോടെയായിരുന്നു നര്‍ക്കോട്ടിക് ഡിറ്റക്ഷനും എക്സ്പ്ലോസീവ് ഡിറ്റക്ഷനുമായി ബന്ധപ്പെട്ട പ്രകടനങ്ങള്‍ നടന്നത്.