എനിക്ക് കൂട്ടാനല്ലേ അറിയൂ സാറേ … കുറയ്ക്കാനറിയില്ലല്ലോ ! സാധാരണക്കാരുടെ തലയ്ക്കടിച്ച് പാചക വാതക വില ഉയരുന്നു..
പാചകവാതക വില കേട്ടു പകച്ചുനിൽക്കുകയാണ് ജനം. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ വർധിച്ച് വില 1,000 കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുകയാണ്. 1006.50 രൂപയാണ് പുതുക്കിയ നിരക്ക്. ഗ്യാസ് ഏജൻസികളിൽ നിന്നു സിലിണ്ടർ വീടുകളിൽ എത്തിക്കാൻ ചെലവ് വേറെയും. അടിക്കടിയുള്ള ഇന്ധന വിലക്കയറ്റവും അവശ്യ സാധനങ്ങളുടെ വിലവർധനയുമെല്ലാം കൂടി നടുവൊടിഞ്ഞ സാധാരണക്കാരന് ഇരട്ടപ്രഹരമാണ് ഗാർഹിക സിലിണ്ടറിന്റെ വിലക്കയറ്റം.
മാർച്ച് 22നാണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിന് വില വർധിപ്പിച്ചത്. അന്നും 50 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ 701 രൂപയായിരുന്ന ഗാർഹിക സിലിണ്ടർ വിലയാണ് ഇപ്പോൾ ആയിരത്തിനു മുകളിലെത്തിയത്. 17 മാസത്തിനിടെ കൂടിയത് 306 രൂപ. ഗാർഹിക സിലിണ്ടറിന് സർക്കാർ നൽകിയിരുന്ന സബ്സിഡി നിർത്തലാക്കിയതോടെ വിലക്കയറ്റത്തിന്റെ മുഴുവൻ ഭാരവും ഉപഭോക്താവ് ചുമക്കേണ്ടി വരുന്ന അവസ്ഥയാണ്.
വാണിജ്യ സിലിണ്ടറിന് അടുത്തിടെയുണ്ടായ വർധനയോടെ അവയുടെ വില രണ്ടായിരത്തിനു മുകളിൽ തുടരുകയാണ്. ഇതുമൂലം ഹോട്ടലുടമകളും പ്രതിസന്ധിയിലാണ്. പല ഹോട്ടലുകളിലും ഭക്ഷണസാധനങ്ങളുടെ വില കൂട്ടി. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർധനയും വലിയ സാമ്പത്തിക ബാധ്യതയാണ് സാധാരണക്കാരനു വരുത്തുന്നത്. 115 രൂപയ്ക്കു മുകളിലാണ് നിലവിൽ പെട്രോൾ വില. ഡീസൽ വിലയും നൂറിനു മുകളിൽ തുടരുന്നു. ഇതിനിടെ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിച്ചതും യാത്രാച്ചെലവ് കൂട്ടുകയാണ്.