വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; കേസിന്റെ വിചാരണ തുടങ്ങി
കട്ടപ്പന : വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ദമ്പതികളുടെ ആറു വയസ്സുള്ള മകളെ പീഡിപ്പിച്ച ശേഷം കൊന്നുകെട്ടി തൂക്കിയ കേസിൽ വിചാരണ തുടങ്ങി.കട്ടപ്പന ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിലാണ് സ്പെഷ്യൽ ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെ തിങ്കളാഴ്ച്ച വിചാരണ തുടങ്ങിയത്.10 സാക്ഷികൾ ഹാജരായെങ്കിലും ഒന്നും രണ്ടും സാക്ഷികളായ അയൽവാസികളുടെ വിസ്താരമാണ് ഇന്നലെ പൂർത്തിയായത്.പ്രതി അർജുന്റെ അച്ഛൻ അടക്കമുള്ള മറ്റ് സാക്ഷികൾ ഇന്ന് കോടതിയിൽ ഹാജരാകും.
പ്രതിയ്‌ക്കെതിരായി പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരവുംകേസെടുക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ ഹർജിക്കാരന് സെഷൻസ് ജഡ്ജിയെ സമീപിക്കാമെന്നാണ് സിംഗിൾ ബെഞ്ചിനെതിരായ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.ഈ ആവശ്യം ഇന്നലെ സ്പെഷ്യൽ കോടതിയിൽ ഉന്നയിച്ചെങ്കിലും കൂടുതൽ വാദം കേൾക്കുന്നതിനായി ഇന്നത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.എന്നാൽ പ്രതി അർജുനും പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് പൊലീസ് രേഖകളിലുള്ളത്.
ഇത് ഈ വകുപ്പ് പ്രകാരം കുറ്റം ചുമത്തുന്നതിന് പ്രതികൂല ഘടകമായേക്കാം.കേസിൽ 20 ന് മുൻപായി വിധിയുണ്ടാകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ളയാണ് കോടതിയിൽ ഹാജരായത്.2021 ജൂൺ 30 നാണ് എസ്‌റ്റേറ്റ് ലയത്തിലെ മുറിക്കുള്ളില്‍ ആറു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി നിരന്തരം ലൈംഗീക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജൂലൈയിൽ അയൽവാസിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ പ്രതി ലൈംഗീകമായി ചൂഷണം ചെയ്തിരുന്നതായി വ്യക്തമായിരുന്നു.