തൃശൂർ• പൂരനഗരിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന വിരണ്ടോടി.
ശുചിമുറിയിൽ പോയ പാപ്പാനെ കാണാതായതോടെ ആന പിണങ്ങി ഓടുകയായിരുന്നു. പാപ്പാൻ മടങ്ങി വന്നതോടെ ആന ശാന്തനായി. മണികണ്ഠനാലിൽനിന്നു വിരണ്ട കൊമ്പൻ മച്ചാട് ധർമൻ ശ്രീമൂലസ്ഥാനത്തേയ്ക്ക് ഓടുകയായിരുന്നു. രാവിലെ ഏഴേകാലിനാണ് സംഭവം.ആനയുടെ കാൽ ചങ്ങലയിൽ പൂട്ടിയിരുന്നതിനാൽ വേഗം കുറവായിരുന്നു. ആനയുടെ വരവ് കണ്ട് ശ്രീമൂലസ്ഥാനത്ത് നിന്നിരുന്ന ആളുകൾ ചിതറിയോടി. പാപ്പാൻ പിന്നാലെ വന്ന് ആനയെ മെരുക്കി. ആരേയും ആന ഉപദ്രവിച്ചില്ല.
നാശനഷ്ടവും ഉണ്ടാക്കിയില്ല.അതേസമയം, പൂരത്തോട് അനുബന്ധിച്ച് തിരുവമ്പാടിയുടെ മഠത്തിൽ വരവ് രാവിലെ ഏഴിന് തുടങ്ങി. ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് കണിമംഗലം ശാസ്താവ് പുറപ്പെട്ടു. ചാറ്റൽ മഴയിലാണ് എഴുന്നള്ളിപ്പ്.രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. ബുധനാഴ്ച പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും.