ഡ്രൈവർമാർ എത്തിയില്ല സ്വിഫ്റ്റ് ബസ് വൈകിയത് നാലര മണിക്കൂർ
മംഗളൂരുവിനു പോകാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പുറപ്പെടാൻ കാത്തിരുന്നത് നാലര മണിക്കൂർ. ഇവിടെ നിന്ന് ഇന്നലെ വൈകിട്ട് 5ന് പുറപ്പെടേണ്ട ബസിൽ സീറ്റ് റിസർവ് ചെയ്ത 42 യാത്രക്കാരാണ് മുന്നറിയിപ്പില്ലാതെ ബസ് താമസിച്ചതുമൂലം ഗതികേടിലായത്.
5 മണി കഴിഞ്ഞിട്ടും ബസ് എത്താത്തതിനെത്തുടർന്ന് ഡിപ്പോയിലും സ്റ്റേഷൻ മാസ്റ്റർ ഓഫിസിലും തിരക്കിയിട്ട് വിവരമൊന്നും കിട്ടാതെ വന്നതിനെ തുടർന്ന് യാത്രക്കാർ കെഎസ്ആർടിസിയുടെ ചീഫ് ഓഫിസിൽ വിളിച്ചു ചോദിച്ചു. അവിടെയും കൃത്യമായ മറുപടി കിട്ടിയില്ല. 6 മണിയായിട്ടും ബസ് കാണാതെ വന്നതോടെ യാത്രക്കാർ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിൽ വിളിച്ചു പരാതി പറഞ്ഞു. അതിനു ശേഷം കെഎസ്ആർടിസിയിലെ ജീവനക്കാരനെത്തി ഡ്രൈവറും കണ്ടക്ടറും എത്താത്തതുമൂലമാണ് ബസ് പുറപ്പെടാൻ താമസം നേരിടുന്നതെന്ന് അറിയിച്ചു.
വീണ്ടും മന്ത്രിയുമായി ബന്ധപ്പെട്ടു. പത്തനാപുരത്തു നിന്ന് രണ്ട് പേരെ പകരം എത്തിച്ച് സർവീസ് പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയതായും രാത്രി 8ന് മുൻപ് ബസ് പുറപ്പെടുമെന്നും മന്ത്രിയുടെ ഓഫിസ് ഉറപ്പു നൽകി. എന്നാൽ ജീവനക്കാരെത്തി ബസ് പുറപ്പെട്ടത് രാത്രി 9.30ന് ആണ്.
ഇന്നലെ സർവീസ് പോകേണ്ട ഡ്രൈവർ കം കണ്ടക്ടർമാരായ അനി ലാൽ, മാത്യു രാജൻ എന്നിവരെ വൈകിട്ട് 3ന് കൺട്രോളിങ് ഇൻസ്പെക്ടർ വിളിച്ച് ജോലിക്ക് എത്തുമെന്ന് ഉറപ്പാക്കിയതാണ്. എന്നാൽ എത്തില്ലെന്നു 4 മണിക്ക് വിളിച്ചു പറഞ്ഞ ശേഷം ഇവർ ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നു.