കഠിനാധ്വാനം ചെയ്യാൻ തയാറെങ്കിൽ വെറും 8 മാസം ധാരാളം : ദിവ്യഭാരതി
അത്ലറ്റിക്സിൽ ഒരു സംസ്ഥാന സ്വർണം നേടാൻ എത്രനാൾ വിയർപ്പൊഴുക്കണം? കഠിനാധ്വാനം ചെയ്യാൻ തയാറെങ്കിൽ വെറും 8 മാസം ധാരാളമെന്നാണ് തൊടുപുഴ വണ്ണപ്പുറം സ്വദേശി ദിവ്യഭാരതിയുടെ മറുപടി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാത്രം അത്ലറ്റിക്സിൽ വിദഗ്ധ പരിശീലനം ആരംഭിച്ച ദിവ്യഭാരതി ആദ്യ സ്വർണത്തിലേക്ക് ഓടിയെത്തിയത് അത്ര വേഗത്തിലാണ്. കേരള ഗെയിംസ് അത്ലറ്റിക്സിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിലായിരുന്നു സംസ്ഥാന തലത്തിലെ ദിവ്യഭാരതിയുടെ കന്നി വിജയം.
താമസവും ഭക്ഷണവുമടക്കം ചെലവുകളെല്ലാം ഏറ്റെടുത്ത് തന്നെ പരിശീലിപ്പിക്കുന്ന മുൻ ദേശീയ അത്ലീറ്റ് എം.എസ്.അനന്തുവിനുള്ള ഗുരുദക്ഷിണയാണ് ദിവ്യഭാരതിയുടെ ഈ അതിവേഗ നേട്ടം. ദാരിദ്ര്യമടക്കമുള്ള ജീവിതത്തിലെ ഹർഡിലുകൾ മറികടക്കാൻ ദിവ്യഭാരതിയുടെ കുടുംബം കണ്ടെത്തിയ വഴിയായിരുന്നു അത്ലറ്റിക്സ്. പക്ഷേ, തിരുപ്പൂരിലെ നെയ്ത്തുശാലയിൽ ജോലി ചെയ്യുന്ന അച്ഛൻ ബാലുവിനും അമ്മ അജിതയ്ക്കും തുച്ഛമായ വരുമാനത്തിൽ നിന്നു മകളുടെ പരിശീലനത്തിനുള്ള പണം കണ്ടെത്താനായില്ല.
ഇതോടെയാണ് ചെലവുകളെല്ലാം ഏറ്റെടുത്ത് പരിശീലിപ്പിക്കാൻ അനന്തു മുന്നോട്ടുവന്നത്. മലപ്പുറം തിരൂരിലെ അക്കാദമിയിലാണ് പരിശീലനം. കഴിഞ്ഞ ഡിസംബറിൽ കാലിക്കറ്റ് സർവകലാശാലയിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റായിരുന്നു ദിവ്യഭാരതിയുടെ ആദ്യ സംസ്ഥാന മത്സരം. ഫൈനലിൽ ഹർഡിലിൽ കാലുടക്കി വീണു കണ്ണീരോടെ മടങ്ങിയ ദിവ്യഭാരതി ഇന്നലത്തെ സ്വർണനേട്ടത്തോടെ ആ വേദന മറന്നു.