കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി.
കോട്ടയം: കരാറുകാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. ചങ്ങനാശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസിനെ (55) ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മിനി സിവിൽ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസിൽ കരാറുകാരനിൽനിന്നു പണം വാങ്ങി കംപ്യൂട്ടർ കീബോർഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ വിജിലൻസ് സംഘം ബിനുവിനെ പിടികൂടുകയായിരുന്നു.
പരാതിക്കാരൻ 2 വർഷം മുൻപ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷൻ ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകൾ മാറുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. പല തവണ 10,000 രൂപ വീതം നൽകിയെങ്കിലും പിന്നെയും കൈക്കൂലി വാങ്ങുന്നതിനു വേണ്ടി 2 വർഷമായി ബില്ലുകൾ പൂർണമായി നൽകാതെ വച്ചുതാമസിപ്പിച്ചതായും പരാതിയിലുണ്ട്.
സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ കരാർ പൂർത്തിയായപ്പോൾ തിരികെ കിട്ടാനായി ഓഫിസിൽ എത്തിയപ്പോഴും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടു. അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 10,000 രൂപയുമായിട്ടാണ് ഇന്നലെ കരാറുകാരൻ ഓഫിസിൽ എത്തിയത്. വേഷം മാറി ഓഫിസ് ആവശ്യത്തിന് എത്തിയവർ എന്ന നിലയിൽ വിജിലൻസ് ഉദ്യോഗസ്ഥരും ഓഫിസിനുള്ളിൽ പ്രവേശിച്ചിരുന്നു. കരാറുകാരൻ കൈക്കൂലി കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥർ എൻജിനീയറെ പിടികൂടുകയായിരുന്നു.
എസ്പി വി.ജി.വിനോദ് കുമാറിനു ലഭിച്ച പരാതിയെത്തുടർന്നാണു വിജിലൻസ് നടപടി. ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, ഇൻസ്പെക്ടർമാരായ റെജി എം.കുന്നിപ്പറമ്പൻ, എസ്.ജയകുമാർ, ജി.അനൂപ്, യതീന്ദ്രകുമാർ, എസ്ഐമാരായ തോമസ് ജോസഫ്, കെ.എസ്.സുരേഷ്, ജെ.ജി.ബിജു, എഎസ്ഐമാരായ സ്റ്റാൻലി ജോസഫ്, ഡി.ബിനു, വി.ടി.സാബു, രാജീവ്, സിപിഒമാരായ ടി.പി.രാജേഷ്, വി.എസ്.മനോജ്കുമാർ, അനൂപ്, സൂരജ്, കെ.ആർ.സുമേഷ്, കെ.പി.രഞ്ജിനി, നീതു മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ബിനുവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.