തിരക്കേറുന്നു : മൂന്നുദിവസം കൊണ്ട് മൂന്നാറില്‍ നിന്ന് മുക്കാല്‍ കോടിയുടെ വരുമാനം
മൂന്നാര്‍: അവധിക്കാലമെത്തിയതോടെ മൂന്നുദിവസം കൊണ്ട് മൂന്നാറില്‍നിന്ന് മുക്കാല്‍ കോടിയുടെ വരുമാനവുമായി വിവിധ വകുപ്പുകള്‍.
വനംവന്യജീവി, ഹൈഡല്‍ ടൂറിസം, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് റെക്കോഡ് വരുമാനം കൊയ്യുന്നത്.
മേയ് ഒന്നുമുതല്‍ നാല് വരെ 35 ലക്ഷം രൂപയുടെ വരുമാനം വീതമാണ് വനംവകുപ്പും ഹൈഡല്‍ ടൂറിസവും നേടിയത്. ദിനേന ശരാശരി ഒമ്ബത് ലക്ഷത്തിനടുത്ത് തുടര്‍ച്ചയായി വരുമാനം വരുന്നത് മേഖലയുടെ ഉണര്‍വിനെയാണ് സൂചിപ്പിക്കുന്നത്. പുഷ്പമേളയുമായി സഞ്ചാരികളെ സ്വീകരിക്കുന്ന ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇതിനകം വലിയ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓരോദിവസവും 6000 പേര്‍ വീതമാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ പുഷ്പമേള സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തോളം രൂപ വരുമാനം നേടാനും ഇതുവഴി കഴിഞ്ഞു. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ പരമാവധി സന്ദര്‍ശകരുടെ എണ്ണം മൂവായിരത്തില്‍ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഇത്രയും തന്നെ സഞ്ചാരികള്‍ എത്തുന്നുണ്ട്. പ്രവേശന നിരക്ക്, ബഗ്ഗി കാര്‍, മറ്റ് ഉല്‍പന്നങ്ങളുടെ വില്‍പന എന്നിവയിലൂടെ ദിവസവും ഒമ്ബതുലക്ഷം രൂപ വരുമാനം ഇവിടെനിന്ന് ലഭിക്കുന്നു. ഹൈഡല്‍ ടൂറിസം മാട്ടുപ്പെട്ടി, ആനയിറങ്കല്‍, ജലാശയങ്ങളിലെ ബോട്ടിങ്, ഹൈഡല്‍ പാര്‍ക്കിലെ സന്ദര്‍ശനം എന്നീ ഇനങ്ങളിലാണ് വരുമാനം നേടുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്തുനിന്നുള്ളവരും മൂന്നാറില്‍ എത്തുന്നുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള വിവിധ വരുമാനം കൂടാതെ സ്വകാര്യമേഖലയിലും കോടികളുടെ കച്ചവടം നടക്കുന്നുണ്ട്. ഹോട്ടല്‍, റിസോര്‍ട്ട്, വാഹന മേഖലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടുവര്‍ഷത്തെ മാന്ദ്യത്തിനുശേഷം വിനോദസഞ്ചാര മേഖല ഉണരുന്നത് ശുഭസൂചനയായാണ് കണക്കാക്കപ്പെടുന്നത്.