ബി എല്‍ ഒ നിയമനത്തിന് അപേക്ഷിക്കാം
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിയമനത്തിനായി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പിലെ നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു.
പത്ത് വര്‍ഷത്തിനു ശേഷമാണ് ബി.എല്‍.ഒ മാരെ നിയമിക്കുവാന്‍ അപേക്ഷ ക്ഷണിക്കുന്നത്. 2022 മെയ് 20 ന് മുമ്പായി www.ceo.kerela.gov.in എന്ന വെബ് സൈറ്റിലൂടെ EPIC No. ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ബി.എല്‍.ഒമാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഈ ഡേറ്റാ ബാങ്കില്‍ നിന്നുമായിരിക്കും അതത് കാലങ്ങളില്‍ ബി.എല്‍.ഒമാരുടെ നിയമനം നടത്തുന്നത്. കൂടാതെ ബി.എല്‍.ഒ മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുവാനുള്ള അവസരവും ലഭിക്കും.
ഫോണ്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ വര്‍ഷത്തില്‍ 7200/ രൂപ (ഏഴായിരത്തി ഇരുനൂറ് രൂപ മാത്രം) ഹോണറേറിയവും, ഇതൂകൂടാതെ ഫോം വേരിഫിക്കേഷന് ഒരു ഫോമിന് 4/ രൂപ വീതവും, ബന്ധപ്പെട്ട മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് 100/ രൂപ വീതവും പ്രതിഫലം ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും. ഇപ്പോള്‍ ബി.എല്‍.ഒമാരായി പ്രവര്‍ത്തിക്കുന്നവരും, അവശ്യസേവന സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവരും, വിരമിച്ച ജീവനക്കാര്‍, ബി.എല്‍.ഒ യുടെ ചുമതലയില്‍ നിന്നും നേരത്തെ ഒഴിവാക്കപ്പെട്ടവര്‍ എന്നിവരും അപേക്ഷിക്കേണ്ടതില്ല.
ഈ അവസരം ഉപയോഗപ്പെടുത്തി ബി.എല്‍.ഒമാരുടെ ഡേറ്റാ ബാങ്കു രൂപീകരിക്കുന്നതിന് അര്‍ഹതയുള്ള വിഭാഗത്തില്‍പ്പെട്ട താത്പര്യമുള്ള എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.