നവകേരള കര്‍മ്മ പദ്ധതി 2 ; ഏകാരോഗ്യം പദ്ധതി ശില്പശാല സംഘടിപ്പിച്ചു
നവകേരള കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി കട്ടപ്പന ബ്ലോക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. വെള്ളയാംകുടി സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ആഗോള കാലാവസ്ഥ വ്യതിയാനം, വര്‍ധിച്ചു വരുന്ന ജന്തു – പ്രാണിജന്യ രോഗങ്ങള്‍ ആന്റി ബയോട്ടിക്കുകളുടെ യുക്തിസഹമല്ലാത്ത ഉപയോഗം എന്നിവ ചെറുത്തുകൊണ്ട് പുതിയൊരു ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിനാണ് നവകേരളം 2 ന്റെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ഏകാരോഗ്യം പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പ്, വെറ്റിനറി വകുപ്പ്, കൃഷി, വനം വകുപ്പ്,ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദന്‍, മണ്ണൂത്തി വെറ്റിനറി സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. സുനില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
ഉദ്ഘാടന യോഗത്തില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ്, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, വാത്തികുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ വിനോജ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലാലച്ചന്‍ വെള്ളാക്കട, നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ ഖയസ് ഇകെ, തുടങ്ങിയവര്‍ പങ്കെടുത്തു.