അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ : വാക്സിന്‍ വിദഗ്ധ സമിതി യോഗം ഇന്ന്
അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പരിശോധിക്കാന്‍ വാക്സിന്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും.
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം.
അഞ്ച് വയസിന് മുകളിലുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ രണ്ട് വാക്സിനുകള്‍ക്കാണ് ഡി.സി.ജി.ഐ അനുമതി നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിനും അടിയന്തര ഘട്ടത്തില്‍ കുട്ടികളില്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശം. എന്നാല്‍ കുട്ടികള്‍ക്ക് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ട്.
കുട്ടികളെ കോവിഡ് കൂടുതലായി ബാധിച്ചിട്ടില്ല എന്ന വിലയിരുത്തലാണ് സമിതിക്കുള്ളത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ പഠനം നടത്തിയതിന് ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന നിലപാട് സമിതി സ്വീകരിച്ചേക്കും. കോവാക്സിനും കോര്‍ബെവാക്സും കുട്ടികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളില്‍ വാക്സിനേഷന്‍ ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുരോഗതി ഇല്ലാത്തതും സമിതി ചര്‍ച്ച ചെയ്യും.