കേരള -തമിഴ്നാട് അതിർത്തിയിലുള്ള കുമളി ബസ് സ്റ്റാൻഡ് 7.5 കോടി രൂപ ചെലവിൽ നവീകരിക്കും:തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
തേനി : കേരള -തമിഴ്നാട് അതിർത്തിയിലുള്ള കുമളി ബസ് സ്റ്റാൻഡ് 7.5 കോടി രൂപ ചെലവിൽ നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തേനിയിലെത്തിയ സ്റ്റാലിൻ സർക്കാരിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയിൽ സൗകര്യങ്ങൾ പരിമിതമാണ്.ഇത് പരിഹരിക്കുകയാണ് ബസ് സ്റ്റാൻഡ് നവീകരണത്തിലൂടെ തമിഴ്നാട് ലക്ഷ്യം വയ്ക്കുന്നത്.
തീർഥാടകർക്ക് പുറമേ ഇരു സംസ്ഥാനങ്ങളിലുമായി വാണിജ്യ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്കും ഏറെ ആശ്വാസമാണ് ഈ ബസ് സ്റ്റാൻഡ് നവീകരണം. മഴ പെയ്താൽ നനയാതെ നിൽക്കാൻ പോലും ഒരു സൗകര്യമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തേനിയിൽ ആധുനിക റൈസ് മിൽ സ്ഥാപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. നെല്ല് ഉൽപാദനത്തിൽ ഗണ്യമായ സ്ഥാനമുള്ള തേനി ജില്ലയിൽ റൈസ് മിൽ ആരംഭിച്ചാൽ കർഷകർക്കൊപ്പം ഉപഭോക്താക്കൾക്കും ഏറെ അനുഗ്രഹമാകും.
ഗതാഗതച്ചെലവ് കുറച്ച് ഇവിടെ നിന്ന് അരി എത്തിക്കാൻ കഴിയുമെന്നത് കേരളത്തിനും നേട്ടമാണ്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കുമായി നിരവധി പദ്ധതികളാണ് സ്റ്റാലിൻ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസം ഉൾപ്പെടെ മറ്റ് മേഖലകൾക്കും മുന്തിയ പരിഗണന നൽകിയുള്ള പ്രഖ്യാപനങ്ങൾ കരഘോഷത്തോടെയാണു കാണികൾ ശ്രവിച്ചത്. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി 71.4 കോടി രൂപയുടെ സഹായങ്ങൾ 10427 പേർക്കായി ചടങ്ങിൽ വിതരണം ചെയ്തു.
തേനി ജില്ലയിൽ 114.21 കോടി രൂപയുടെ പൂർത്തീകരിച്ച 40 പദ്ധതികളുടെ ഉദ്ഘാടനവും, 74.21 കോടി രൂപയുടെ 102 പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനവും സ്റ്റാലിൻ നിർവഹിച്ചു. തേനി ഊഞ്ചംപെട്ടിയിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി ഐ. പെരിയസാമി, റവന്യു മന്ത്രി രാമചന്ദ്രൻ, എംഎൽഎമാരായ എൻ.രാമകൃഷ്ണൻ, മഹാരാജൻ, ശരവണകുമാർ തുടങ്ങിയവരും പങ്കെടുത്തു.