കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം കല്ലാർ ജംഗ്ഷനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബി എം & ബി സി നിലവാരത്തിലാണ് ഇപ്പോൾ റോഡുകളുടെ നിർമ്മാണം നടക്കുന്നത്. അതിലൂടെ വലിയ നിലയിലുള്ള വികസനമാണ് ഉണ്ടാകാൻ പോകുന്നത്. കാർഷിക മേഖല ഒട്ടേറെ പ്രതിസന്ധി നേരിടുന്നുണ്ട്. അതിനെ നേരിടാൻ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നല്ല റോഡുകൾ ഉണ്ടാകുന്നതിലൂടെ കാർഷിക മേഖലക്കും ഉണർവ്വുണ്ടാകും. വിനോദ സഞ്ചാര മേഖലയുടെ വളർച്ചക്കും മെച്ചപ്പെട്ട റോഡുകൾ സഹായകരമാകും.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയെന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കരാറുകാരും ഉദ്യോഗസ്ഥരും പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കണം. മലയോര പാത ഈ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ്. ആദിവാസി മേഖലയായ കുറത്തിക്കുടിയിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽപ്പെട്ട വിഷയങ്ങൾ ഗൗരവകരമായി കാണുന്നു. ടൂറിസത്തെ സഹായിക്കുന്ന പദ്ധതികൾക്ക് മുൻതൂക്കം നൽകാൻ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നുണ്ട്. എല്ലാ റോഡുകളും ബി എം & ബി സി നിലവാരത്തിൽ നിർമ്മിക്കണമെന്നതാണ് ലക്ഷ്യം. തുടങ്ങാനുള്ള പ്രവർത്തികൾ വേഗത്തിലാക്കുകയും സമയബന്ധിതമായി പൂർത്തീകരിക്കുകയും വേണം. അങ്ങനെ വന്നാൽ വലിയ മാറ്റമുണ്ടാകും. ഓരോ റോഡിൻ്റെയും പരിപാലന കാലാവധി എത്രയെന്ന് പരസ്യപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജനങ്ങൾ റോഡിൻ്റെ കാഴ്ച്ചക്കാരല്ല കാവൽക്കാരാകണം. സുതാര്യത ഉറപ്പുവരുത്തിയാൽ കുറെയേറെ പ്രശ്നങ്ങൾ പരിഹരിച്ച് മുമ്പോട്ട് പോകാനാകും. പൊതുമരാമത്ത് വകുപ്പ് ജനങ്ങളുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയാണ്. കരാറുകാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ട്. അവരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കാൻ ശ്രമിക്കും. നന്നായി നിർമ്മാണ ജോലികൾ പൂർത്തീകരിക്കുന്ന കരാറുകാർക്ക് പ്രത്യേക ബോണസ് നൽകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നയം മനസ്സിലാക്കി ജനങ്ങൾക്കു വേണ്ടി സമയബന്ധിതമായി പ്രവർത്തിക്കുന്നവരെ പ്രത്യേകമായി പരിഗണിക്കുമെന്നും ഇതിന് വിപരീതമായി പുറം തിരിഞ്ഞു നിൽക്കുന്ന ജീവനക്കാർ തൽസ്ഥാനത്ത് ഉണ്ടാകില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നാല് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന എസ് ഡി എസ് ബംഗ്ലാവ് പെരിയ കനാൽ ഫാക്ടറി ടേൺ ഓഫ് റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനവും 13 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കല്ലാർ മാങ്കുളം റോഡിൻ്റെ ഉദ്ഘാടനവുമാണ് കല്ലാർ ജംഗ്ഷനിൽ മന്ത്രി നിർവ്വഹിച്ചത്. അഡ്വ.എ രാജ എം എൽ എ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയർ കെ റ്റി ബിന്ദു, പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ജി പ്രതീഷ്കുമാർ, മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനീത സജീവൻ, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ സി കെ പ്രസാദ്, ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.