മൂന്നാർ പുഷ്പമേള തുടങ്ങി
ആസൂത്രിത വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിൻ്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആസൂത്രിതമായ വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിൻ്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാർ പുഷ്പമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ്റെ രണ്ടാംഘട്ട വികസനം മുമ്പോട്ട് പോകുകയാണ്. മൂന്നാംഘട്ട നവീകരണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൂന്നാറിനെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള എല്ലാ പിന്തുണയും ടൂറിസം വകുപ്പിൻ്റെ ഭാഗത്തു നിന്നുണ്ടാകും. നിലവിലുളള ടൂറിസം കേന്ദ്രങ്ങളേയും പദ്ധതികളേയും പരിപാലിക്കുകയെന്നത് പ്രധാനമാണ്. പരിപാലനത്തിൻ്റെ കുറവ് ടൂറിസം മേഖലക്ക് വെല്ലുവിളിയാകുന്നുണ്ട്. അത് സഞ്ചാരികളുടെ എണ്ണം കുറയാൻ ഇടവരുത്തും. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് വകുപ്പ് രൂപം നൽകുന്നുണ്ട്. ടൂറിസം മേഖലക്ക് കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധിയെ എങ്ങനെ മറി കടക്കണമെന്ന ആലോചനയുടെ ഭാഗമായി ഒട്ടനവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കുന്നുണ്ട്. മൂന്നാറക്കമുള്ള മേഖലകളിലേക്ക് ആഭ്യന്തര സഞ്ചാരികൾ കൂടുതലായി കടന്നു വരുന്നു. പുഷ്പമേള പോലുള്ള മേളകൾ അതിന് കൂടുതൽ സഹായകരമാകും. മൂന്നാറിൽ മേൽപ്പാലം നിർമ്മിക്കുന്ന കാര്യം സർക്കാർ ഗൗരവകരമായി പരിഗണിക്കുന്നുണ്ട്. ജനകീയ ടൂറിസവും ഉത്തരവാദിത്വ ടൂറിസവും വളരണമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേള നടക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പുഷ്പമേള നടക്കുന്നത്.
മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളയ്ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള മൂവ്വായിരം റോസാ ചെടികളും രണ്ടായിരം ഡാലിയകളും സന്ദർശക്കാർക്കായി ഒരുക്കിയിട്ടുണ്ട്. പുഷ്പ മേളയോടൊപ്പം ഭക്ഷ്യമേള, സെല്‍ഫി പോയിന്റ്, കലാപരിപാടികള്‍, വിപണന ശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുഷ്പമേളയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നിന്നാരംഭിച്ച സൈക്കിൾ റാലി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമാപിച്ചു. ദിവസവും രാവിലെ 9 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. അഡ്വ. എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല എം എൽ എ എം എം മണി, ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പഞ്ചായത്ത് ജി ജി കെ ഫിലിപ്പ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിന്ദുമണി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ടൂറിസം വകുപ്പുദ്യോഗസ്ഥർ, മറ്റുദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.