പിസി ജോർജിന് ജാമ്യം
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുൻ എം.എൽ.എ. പി.സി.ജോർജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോർജ് പ്രതികരിച്ചു.അനന്തപുരി ഹിന്ദു മഹാസഭാ സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജാമ്യം ലഭിച്ച ശേഷം പി.സി.ജോർജ് പറഞ്ഞു.അവധി ദിനമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. എ.ആർ.ക്യാമ്പിൽ വെച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.മുൻ എം.എൽ.എ. ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.സമുദായങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കാൻ പി.സി.ജോർജ് പ്രവർത്തിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് ജോർജിന് ജാമ്യം അനുവദിച്ചത്.മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോർജിനായി ഹാജരായത്.153 എ, 95 എ വകുപ്പുകൾ ചേർത്താണ് പി.സി.ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ച ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ തിരുവനന്തപുരം എ.ആർ.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ച അഞ്ചു മണിയോടെ ജോർജിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമർപ്പിക്കലും പ്രതിഷേധങ്ങളും നടന്നു.