ഇന്ധന നികുതി;ഒരു പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത വിമർശനം
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ രൂപ. ഇനിയും വില കൂടിയാൽ വരുമാനം വീണ്ടും കൂടും. സംസ്ഥാനത്തു പ്രതിദിനം 18 ലക്ഷം ലീറ്റർ ഇന്ധനമാണ് (പെട്രോളും ഡീസലും) വിൽക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാർച്ച് പകുതി മുതലായി പെട്രോളിനു 10.89 രൂപയും ഡീസലിനു 10.52 രൂപയും കൂടി.ഇതുവഴി പെട്രോൾ ലീറ്ററിനു ശരാശരി 2.60 രൂപയും ഡീസൽ ലീറ്ററിന് 1.97 രൂപയും അധിക വരുമാനമായി സർക്കാരിന് കിട്ടുന്നുവെന്നാണ് കണക്ക്.
പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇത് വേണ്ടെന്ന് വച്ചാലും ജനങ്ങൾക്ക് വലിയ പ്രയോജനം ഉണ്ടാകാൻ പോകുന്നില്ല.അതിന് കേന്ദ്രം തന്നെ കനിയണം.അതിന് പുറകെയാണ് സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം അവസാനിപ്പിക്കുന്നതും.ഇതോടെ സംസ്ഥാനത്തിന് കിട്ടേണ്ട നികുതിയും കേന്ദ്രത്തിന്റെ കൈയ്യിലായി.1800 കോടിയോളം രൂപ ഇങ്ങനെ കിട്ടാനുണ്ടെന്നാണ് അറിവ്.
അതേസമയം 14 തവണ നികുതി കൂട്ടുകയും 4 തവണ കുറയ്ക്കുകയും ചെയ്തശേഷം, ഒരിക്കൽ പോലും നികുതി കൂട്ടാത്ത കേരളം പോലുള്ള സംസ്ഥാനത്തെ പ്രധാനമന്ത്രി വിമർശിക്കുന്നതു ഖേദകരമാണെന്നും സാമൂഹികക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചു ധാരണയുള്ള ഭരണാധികാരിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ വിമർശനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.