കുരുമുളകു വിപണിയിൽ കനത്ത വിലത്തകർച്ചയുടെ കാലം.
കുരുമുളകു വിപണിയിൽ കനത്ത വിലത്തകർച്ചയുടെ കാലം. രണ്ടാഴ്ചയ്ക്കിടയിൽ കൊച്ചി വിപണിയിൽ അനുഭവപ്പെട്ട ഇടിവു ക്വിന്റലിന് 1000 രൂപ. ഇറക്കുമതി ചെയ്തതും ഗുണനിലവാരം കുറഞ്ഞതുമായ കുരുമുളകിന്റെ അന്യ സംസ്ഥാന വിപണികളിലെ വ്യാപകമായ വ്യാപാരമാണു കൊച്ചി വിപണിക്കു വിനയായിരിക്കുന്നത്.ആദ്യ ആഴ്ചയിലെ രണ്ടുമൂന്നു ദിവസമൊഴികെ പുതിയ വർഷത്തിലെ എല്ലാ വ്യാപാരദിനങ്ങളിലും കുരുമുളകു വില ദുർബലമാകുകയായിരുന്നു. കടന്നുപോയ ആഴ്ചയിൽ മാത്രം 800 രൂപയുടെ ഇടിവുണ്ടായി. അതിനു തൊട്ടുമുമ്പത്തെ ആഴ്ചയിൽ ഇടിവ് 200 രൂപയുടേതായിരുന്നു.
മുംബൈ, ഡൽഹി, ഇൻഡോർ, നാഗ്പൂർ, ജയ്പൂർ, റാഞ്ചി, പട്ന തുടങ്ങിയ പ്രധാന വിപണികളിൽ വിദേശ കരുരുമുളക് ക്വിന്റലിനു 47,000 – 48,000 രൂപ നിരക്കിൽ സുലഭമാണ്. വ്യാജരേഖകളുടെ പിന്തുണയിൽ ഇറക്കുമതി ചെയ്യുന്നതും ഗുണനിലവാരമില്ലാത്തതുമാണ് ഉൽപന്നമെങ്കിലും വിലക്കുറവിന്റെ ആകർഷകത്വം വിൽപനയ്ക്കു സഹായകമാകുന്നു. അതേസമയം, കേരളത്തിന്റെ മണ്ണിൽനിന്നുള്ള മികച്ച കുരുമുളകിന് ആ വിപണികളിൽ പ്രിയം കുറയുന്നു.അൺഗാർബ്ൾഡ് ഇനം കുരുമുളകിനു കൊച്ചി വിപണിയിൽ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ വില ക്വിന്റലിനു 49,600 രൂപയാണ്.
ഗാർബ്ൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 51,600 രൂപ.ദുർബലാവസ്ഥയിലേക്കു മടങ്ങേണ്ടിവന്ന റബർ വിപണിയിൽ കഴിഞ്ഞ ആഴ്ച ഉണർവ് ആർജിക്കാനുള്ള ശ്രമമുണ്ടായെങ്കിലും അതു നേരിയ വിജയത്തിനു ശേഷം വിഫലമാകുന്നതാണു കണ്ടത്. കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില ഏതാനും ദിവസങ്ങളായി ക്വിന്റലിന് 16,000 രൂപയിലും ആർഎസ്എസ് അഞ്ചാം ഗ്രേഡിന്റെ വില 15,600 രൂപയിലും തുടരുകയായിരുന്നു. എന്നാൽ ബുധൻ, വ്യാഴം വ്യാപാരദിനങ്ങളിലായി രണ്ട് ഇനങ്ങളുടെയും വിലയിൽ 200 രൂപയുടെ ഉയർച്ച കണ്ടപ്പോൾ കൂടുതൽ ഔന്നത്യം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതായി പിന്നീടുള്ള ദിവസങ്ങളിലെ മരവിപ്പ്.
ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിലെ സാധ്യതകൾ സംബന്ധിച്ച് ഒരു അനുമാനവും പങ്കുവയ്ക്കാൻ വിപണിയുമായി ബന്ധപ്പെട്ടവർക്കു കഴിയുന്നില്ല.ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്ച ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വ്യാപാരം 14,612 – 14,800 രൂപ നിലവാരത്തിലായിരുന്നു. അവസാന നിരക്ക് 14,742 രൂപ. ആർഎസ്എസ് അഞ്ചാം ഗ്രേഡിന്റെ വില നിലവാരം 14,511 – 14,699 രൂപയായിരുന്നെങ്കിലും വ്യാപാരം അവസാനിച്ചതു 14,640 രൂപ നിരക്കിൽ.