പുറ്റടിയിലെ ദമ്പതികളുടെ ആത്മഹത്യ, പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ മകളും മരണത്തിന് കീഴടങ്ങി
കട്ടപ്പന: ഭാര്യയെ തീ കൊളുത്തി കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ മകൾ ശ്രീധന്യയും(18) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശ്വാസതടസം രൂക്ഷമായതോടെ പെൺകുട്ടിയെ വെന്റിലേറ്ററിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി.83 ശതമാനം പൊള്ളലേറ്റ ശ്രീധന്യയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തിയിരുന്നു.കിടപ്പുമുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ ദേഹത്തും തീ പടർന്നത് എന്നാണ് പെൺകുട്ടി ഡോക്ടറിനോട് വെളിപ്പെടുത്തിയത്.പുറ്റടി ഹോളി ക്രോസ്സ് കോളേജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവർ 25 ന് പുലർച്ചെയാണ് പൊള്ളലേറ്റ് മരിച്ചത്. ഉറങ്ങിക്കിടന്ന ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം രവീന്ദ്രനും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വ്യാപാരി കൂടിയായ രവീന്ദ്രൻ കടുംകൈ ചെയ്തത്.ആത്മഹത്യ ചെയ്യുന്നതിന് മുൻപ് രവീന്ദ്രൻ വാട്ട്സ്ആപ്പ് വഴി സുഹൃത്തിനും കുടുംബാംഗങ്ങൾ അടങ്ങിയ ഗ്രൂപ്പിലും മരിക്കാൻ പോകുന്നുവെന്ന സൂചന നൽകി സന്ദേശം അയച്ചിരുന്നു.ശ്രീധന്യ പുറ്റടി നെഹ്റു സ്മാരക പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.