പുതിയ കെട്ടിട സമുച്ചയ നിർമാണത്തിന് മുന്നോടിയായി നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ച് തുടങ്ങി.
നെടുങ്കണ്ടം : പുതിയ കെട്ടിട സമുച്ചയ നിർമാണത്തിന് മുന്നോടിയായി നിലവിലുണ്ടായിരുന്ന മാർക്കറ്റ് കെട്ടിടം പൊളിച്ച് തുടങ്ങി. നെടുങ്കണ്ടം മാർക്കറ്റിനുള്ളിൽ 2009ൽ നിർമിച്ച കർഷക മാർക്കറ്റ് പഴയ മാർക്കറ്റിന്റെ ഭാഗമായ സ്റ്റാളുകൾ, ടൗണിനോടു ചേർന്നിരിക്കുന്ന ബഹുനില കെട്ടിടം തുടങ്ങിയവയാണ് പൊളിക്കാൻ ആരംഭിച്ചത്. നിലവിൽ ശോചനീയാവസ്ഥയിലായ പബ്ലിക് മാർക്കറ്റ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ആധുനിക മാർക്കറ്റ് സമുച്ചയം എന്ന ആശയത്തിലേക്ക് പഞ്ചായത്ത് ഭരണസമിതി എത്തിച്ചേർന്നത്.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് നിലവാരമുള്ള മാർക്കറ്റിന്റെ അഭാവംമൂലം കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വ്യാപാരം നടത്തുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇടുങ്ങിയ കെട്ടിടങ്ങളും സ്ഥലസൗകര്യക്കുറവും വ്യാപാരികൾക്കും മാർക്കറ്റിലെത്തുന്നവർക്കും ഒരുപോലെ ദുരിതം സമ്മാനിച്ചിരുന്നു. ഇതോടെയാണ് ആധുനിക രീതിയിലുള്ള മാർക്കറ്റ് സമുച്ചയം നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞവർഷം 5 കോടി രൂപ നെടുങ്കണ്ടം പഞ്ചായത്ത് മാറ്റിവച്ചിരുന്നു. ഇത്തവണത്തെ ബജറ്റിൽ 16 കോടി രൂപ അനുവദിച്ചതോടെയാണ് മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്.
19 കോടി രൂപ മുടക്കി 5 നിലകളിലായാണ് സമുച്ചയം നിർമിക്കുന്നത്. 2 നിലകളിൽ വാഹന പാർക്കിങ്ങിനുള്ള ക്രമീകരണം ഏർപ്പെടുത്തും. കൂടാതെ മത്സ്യ, മാംസ വ്യാപാരത്തിനായി സ്റ്റാളുകളുമുണ്ടാകും. ഒരു നിലയിൽ റസ്റ്ററന്റും ഫുഡ് കോർട്ടും ഒരുക്കും. ഒരു നില പൂർണമായും ഓഡിറ്റോറിയമാക്കി മാറ്റും. വിനോദ സഞ്ചാരികൾക്കാവശ്യമായ മികച്ച നിലവാരത്തിലുള്ള മുറികൾ മറ്റൊരു നിലയിലും തയാറാക്കും. സിഡ്‌കോയ്ക്കാണ് നിർമാണച്ചുമതല. ഇതിനായുള്ള കരാറുകൾ പൂർത്തിയാക്കി. നിലവിലുള്ള കെട്ടിടങ്ങൾ 20 ദിവസംകൊണ്ട് പൂർണമായും പൊളിച്ചുനീക്കും.
പിന്നീട് 8,000 ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള അനുമതി ഉടൻ ലഭിക്കും. തൃശൂർ എൻജിനീയറിങ് കോളജിൽനിന്നു കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധിച്ച് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. നെടുങ്കണ്ടത്തിന്റെ മുഖഛായ മാറുന്ന ആധുനിക മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണം 3 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.