ചിന്നക്കനാൽ 301 കോളനിയിൽ പുതിയ കുടിയേറ്റക്കാർ എത്തുന്നതായി നാട്ടുകാരുടെ പരാതി.
രാജകുമാരി : വനമേഖലയിലെ താമസക്കാർക്കു നഷ്ടപരിഹാരം നൽകി അവരുടെ പട്ടയഭൂമി ഏറ്റെടുക്കുന്ന സർക്കാർ പദ്ധതി (ആർകെഡിഎഫ്) യുമായി വനംവകുപ്പ് മുന്നോട്ടു പോകുന്നതിനിടെ ചിന്നക്കനാൽ 301 കോളനിയിൽ പുതിയ കുടിയേറ്റക്കാർ എത്തുന്നതായി നാട്ടുകാരുടെ പരാതി. നേരത്തേ ഭൂമി ഉപേക്ഷിച്ചു പോയവരും പുതിയ കുടിയേറ്റക്കാരും ഇടനിലക്കാരുടെ സഹായത്തോടെയാണ് കോളനിയിൽ ഷെഡുകൾ നിർമിക്കുന്നത്. 301 കോളനിയിൽ 2 പതിറ്റാണ്ട് മുൻപ് 301 ഭൂരഹിത ആദിവാസി കുടുംബങ്ങളെ ഒരേക്കർ വീതം ഭൂമി നൽകി സർക്കാർ കുടിയിരുത്തിയതാണ്.
എന്നാൽ കാട്ടാന ശല്യവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മൂലം ഭൂരിഭാഗം കുടുംബങ്ങളും സ്ഥലവും വീടും ഉപേക്ഷിച്ചു. നിലവിൽ 40ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. എന്നാൽ പട്ടയഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള വനംവകുപ്പ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതിനു ശേഷം, ഭൂമി ഉപേക്ഷിച്ചു പോയവരുൾപ്പെടെ തിരികെ വന്നു ഷെഡുകൾ നിർമിച്ചതായാണു നാട്ടുകാർ പറയുന്നത്. ഇവരിൽ ഭൂമിക്ക് അർഹതയില്ലാത്തവരും ഉണ്ടെന്നാണ് ആക്ഷേപം.
വനംവകുപ്പിൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ചിലർ പണം വാങ്ങിയാണ് ഇവിടേക്ക് ആളുകളെ കൊണ്ടു വരുന്നതെന്നും നാട്ടുകാർ പറയുന്നു. കാടു വെട്ടിത്തെളിച്ചു പുതുതായി നിർമിച്ച ഷെഡുകൾ കാട്ടാനകൾ നശിപ്പിച്ച സംഭവങ്ങളുമുണ്ടായി. 301 കോളനിയിൽ നിന്നു കൂടുതൽ കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ചാൽ തങ്ങളും ഇവിടെ നിന്നു പോകേണ്ടി വരുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്. രണ്ട് പതിറ്റാണ്ടോളമായി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൃഷി ചെയ്തു ജീവിച്ച മണ്ണ് ഉപേക്ഷിക്കാൻ തയാറല്ലെന്നാണു നാട്ടുകാർ പറയുന്നത്.കോളനിയിൽ നിന്നു കുടിയൊഴിപ്പിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു വനംവകുപ്പ് പറയുന്നു. കോളനിയിൽ എത്തുന്ന പുതിയ കുടിയേറ്റക്കാർ യഥാർഥ സ്ഥലമുടമകളാണോ എന്ന കാര്യത്തിൽ വനം, റവന്യു വകുപ്പുകൾ അന്വേഷണം നടത്തുമെന്നാണു വിവരം.