കുമളി–കോട്ടയം റൂട്ടിൽ രാത്രി 8.15നു ശേഷം ബസില്ല : കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം
പീരുമേട്: കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ കുമളി–കോട്ടയം റൂട്ടിൽ രാത്രി 8.15നു ശേഷം ബസില്ല. തമിഴ്നാട്ടിൽനിന്നു എത്തുന്ന യാത്രക്കാർ ഉൾപ്പെടെ വലയുന്നു. കോവിഡ് വ്യാപന സമയത്ത് നിർത്തലാക്കിയ സർവീസുകളാണ് പൊതുജീവിതം സാധാരണ നിലയിൽ എത്തി മാസങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാൻ അധികൃതർ കൂട്ടാക്കാത്തത്. മുൻപ് കുമളി ഡിപ്പോയിൽനിന്നു രാത്രി 8.15 കഴിഞ്ഞാൽ 9.00, 10.00, 11.00, 12.00, 1.30, 2.30, എന്നീ ക്രമത്തിൽ കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. കെകെ റോഡ് കെഎസ്ആർടിസിയുടെ കുത്തക ആയതിനാൽ സ്വകാര്യ ബസ് സർവീസുകൾ പകൽ സമയങ്ങളിൽ പോലും കുറവാണ്. രാത്രി സർവീസുകൾ ആകട്ടെ നേരത്തേ മുതൽ നടത്തുന്നുമില്ല.
തമിഴ്നാട്ടിൽനിന്നു വീണ്ടും രാത്രി സർവീസുകൾ ആരംഭിച്ചതിനാൽ യാത്രക്കാർ ധാരാളമായി എത്തുന്നുണ്ട്. എന്നാൽ കുമളിയിൽ എത്തുന്നവർ തുടർ യാത്രയ്ക്ക് ബസ് ലഭിക്കാതെ ഇവിടെ കുടുങ്ങുന്നതാണ് കാഴ്ച. ഭൂരിപക്ഷം യാത്രക്കാരും പുലർച്ചെ സർവീസ് ആരംഭിക്കുന്നത് വരെ ബസ്റ്റാൻഡ് പരിസരത്ത് കഴിച്ചു കൂട്ടേണ്ട ഗതികേടിലാണ്. കട്ടപ്പനയിൽനിന്നു വൈകിട്ട് 5 കഴിഞ്ഞാൽ രാത്രി 9ന് തിരുവനന്തപുരം ബസ് മാത്രമാണ് ആശ്രയം. ഇതു കഴിഞ്ഞാൽ പിറ്റേന്ന് പുലർച്ചെയാണ് ബസ്. സർവീസിനു ആവശ്യമായ ബസുകൾ കുമളി ഡിപ്പോയിൽ കിടപ്പുണ്ട്. പക്ഷേ, ഡ്രൈവർമാരില്ല എന്ന കാരണം പറഞ്ഞാണു രാത്രികാല സർവീസുകൾ ആരംഭിക്കാത്തത് എന്ന് ആരോപണമുണ്ട്.