അങ്കണവാടി ഹൈടെക്കായി അണിഞ്ഞൊരുങ്ങി : ആവേശത്തോടെ കുട്ടികൾ
മുട്ടം: അങ്കണവാടി ഹൈടെക്കായി അണിഞ്ഞൊരുങ്ങി. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടികളെ അണിയിച്ചൊരുക്കിയപ്പോൾ ഇവിടെ എത്താൻ കുരുന്നുകൾക്കും ഇരട്ടി ഉത്സാഹം. വിവിധ വർണങ്ങളിലെ ഭിത്തിയും തറയും കുട്ടിക്കസേരകളും കുട്ടികളെ തോട്ടുംകരയിലെ അങ്കണവാടിയിലേക്ക് ആകർഷിക്കുകയാണ്.
വിവിധ വർണങ്ങളിലെ ചിത്രങ്ങളും കളിയുപകരണങ്ങളും വീണാൽ പരുക്കേൽക്കാത്ത ഇന്റർലോക്ക് മെത്തകൾ, ആകർഷകമായ ഫർണിച്ചറുകൾ, ആധുനിക ശിശുസൗഹൃദ ശുചിമുറികൾ, പുറത്തുകളിക്കുന്നതിനുള്ള കളിയുപകരണങ്ങൾ എല്ലാം ഉൾപ്പെടുത്തി അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പുതിയ രൂപത്തിലേക്കു മാറ്റിയിരിക്കുകയാണ്.
സംഗീതം ആസ്വദിക്കുന്നതിനും കുട്ടികളുടെ കുഞ്ഞു കഴിവുകൾ കൂട്ടുകാർക്ക് മുന്നിൽ പ്രകടിപ്പിക്കുന്നതിനും ഇവിടെ അവസരമുണ്ട്. സംസ്ഥാനത്തെ ഐസിഡിഎസിൽനിന്ന് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസ്) തിരഞ്ഞെടുത്ത 258 അങ്കണവാടികളെ ശിശു സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി. 2 ലക്ഷം രൂപയാണു ചെലവ്. മുട്ടം ഗ്രാമപഞ്ചായത്താണ് പദ്ധതി നിർവഹണം നടത്തിയിരിക്കുന്നത്.