യുക്രൈൻ അധിനിവേശം; യുഎൻ സെക്രട്ടറി ജനറൽ പുടിനുമായും സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തും
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അന്റോണിയോ ഗുട്ടെറസ് മോസ്‌കോയിലേക്കുള്ള യാത്രയിലാണെന്ന് യുഎന്‍ വക്താവ് അറിയിച്ചു.
ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഗുട്ടെറസിനെ സ്വീകരിക്കും. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ഗുട്ടെറസ് ചര്‍ച്ച നടത്തും. തുടര്‍ന്ന് കീവിലേക്ക് പോകുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ വ്യാഴാഴ്ച യുക്രൈനിയന്‍ പ്രസിഡന്റ് വഌദിമര്‍ സെലെന്‍സ്‌കിയുമായും വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായും കൂടിക്കാഴ്ച നടത്തും.
അധിനിവേശം തുടരുന്ന യുക്രൈനിലെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. അധിനിവേശത്തെ തുടര്‍ന്ന് യുക്രൈന്‍ ജനത പലായനം ചെയ്യുന്നതിനും അഭയാര്‍ത്ഥികള്‍ക്ക് സഹായങ്ങളെത്തിക്കുന്നതിനും ഇടയിലാണ് റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
അതേസമയം യുക്രൈനിലെ ഡോണ്‍ബാസ് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം റഷ്യ ചെറിയ മുന്നേറ്റം മാത്രമാണ് നടത്തുന്നതെന്ന് ബ്രിട്ടണ്‍ പതിരോധ മന്ത്രാലയം പറഞ്ഞു