കുമരകത്തൊരു കുഞ്ഞൻ മോട്ടർ ബോട്ട് :അൻസിക
വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തൊരു കുഞ്ഞൻ മോട്ടർ ബോട്ട്. പഞ്ചായത്ത് 8–ാം വാർഡിലെ പൊങ്ങലക്കരിയിലെ ഇടത്തോടുകളിൽ കൂടി നീങ്ങുന്ന ഈ കുഞ്ഞന്റെ പോരാണ് അൻസിക . പൊങ്ങലക്കരി കപ്പടച്ചിറ ജോസ്(62) ആണ് ബോട്ടിന്റെ നിർമാതാവ്.തുരുത്തായ പൊങ്ങലക്കരിയിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താൻ ജോസും കുടുംബവും ഈ ബോട്ടാണ് ഉപയോഗിക്കുന്നത്. ഒരു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബോട്ടിൽ 3 പേർക്ക് സഞ്ചരിക്കാം. വള്ളത്തിൽ ഘടിപ്പിക്കുന്ന എൻജിൻ പ്രവർത്തിപ്പിച്ചാണു ബോട്ട് ഓടുന്നത്.
സാധാരണ മോട്ടർ ബോട്ടിന്റെ പോലെ തന്നെയാണ് ഇതിന്റെ ആകൃതി. അതു കൊണ്ടു മഴയത്തും വെയിലത്തും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. ആഞ്ഞിലിത്തടി ഉപയോഗിച്ചാണു നിർമാണം. തടിക്കു പുറമേ ഫൈബർ പെയിന്റ് ചെയ്തിരിക്കുന്നു. ഒരു ലീറ്റർ പെട്രോൾ ഉപയോഗിച്ച് 5 കിലോ മീറ്റർ സഞ്ചരിക്കാൻ കഴിയും. ചെറിയ വള്ളം പോകുന്ന തോട്ടിലൂടെയും ബോട്ട് പോകുമെന്നതാണു പ്രത്യേകത. ജോസ് നേരത്തെയും ഇതു പോലെ വെള്ളത്തിൽ കൂടി സഞ്ചരിക്കാവുന്ന വ്യത്യസ്ത ജലയാനം നിർമിച്ചിട്ടുണ്ട്.