പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങൾ വിരിപ്പു കൃഷിക്ക് ഒരുങ്ങുന്നു.
കുമരകം : പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങൾ വിരിപ്പു കൃഷിക്ക് ഒരുങ്ങുന്നു. വറ്റിയ പാടശേഖരങ്ങളിലെ വിവിധ ഇനം കൊക്കുകളുടെ കൂട്ടം കൗതുക കാഴ്ചയായി. ചെങ്ങളം മാടപ്പള്ളിക്കാട് പാടശേഖരം നിറയെ കൊക്കുകളാണ്. കുമരകത്തേക്ക് വാഹനത്തിൽ വരുന്ന വിനോദ സഞ്ചാരികൾ കൊക്കുകളെ കാണാനും ക്യാമറയിലും പകർത്താനും ഇവിടെ ഇറങ്ങുന്നു. വെള്ളക്കൊക്കുകൾക്കൊപ്പം കറുത്ത ഇനം പക്ഷികളെയും കാണാം. പാടത്തെ വെള്ളം വറ്റിയപ്പോൾ ചെറു മീനുകളെ തിന്നാൻ എത്തുന്നതാണ് കൊക്കുകൾ.
പടിഞ്ഞാറൻ മേഖലയിലെ അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ 40 പാടശേഖരങ്ങളിലായി 7000 ഏക്കറിലാണു വിരിപ്പു കൃഷിക്ക് തയാറെടുക്കുന്നത്. മേയ് മാസത്തിൽ വിത പൂർത്തിയാക്കാനാണ് തീരുമാനം. സ്ഥിരം വൈദ്യുതി കണക്‌ഷനുള്ള പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കൽ പുരോഗമിക്കുന്നത്. വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത പാടശേഖരങ്ങളിൽ ഇതിനു വേണ്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
വെള്ളം വറ്റിച്ചു വിത ജോലികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വിത്ത് ലഭ്യമായാൽ മാത്രമേ വിത നടത്താൻ കഴിയൂ. നെൽവിത്ത് എത്തിക്കാൻ കൃഷി വകുപ്പ് അടിയന്തര നടപടി എടുക്കണമെന്നാണു കർഷകരുടെ ആവശ്യം. വിത വൈകിയാൽ കൃഷിയെ ദോഷകരമായി ബാധിക്കും. വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ അതിനെ അതിജീവിച്ചു വേണം കൃഷി ഇറക്കേണ്ടത്.
കൃഷി ഇറക്കുന്നതിനു മുൻപ് പുറം ബണ്ട് ബലപ്പെടുത്തണം മോട്ടർ തറകൾ തയാറാക്കണം തുടങ്ങിയ ജോലികളും തീർക്കണം.പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന ചില പാടശേഖരങ്ങളും വിരിപ്പു കൃഷി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ മൂലം കൊയ്ത്ത് വൈകി. ഈ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയാക്കി പാടം ഉഴുത് വേണം കൃഷി ഇറക്കേണ്ടത്.
പുഞ്ചക്കൊയ്ത്ത് പൂർത്തിയാകാത്തതിനാൽ വിരിപ്പു കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ കൃഷി വകുപ്പിനു കഴിയുന്നില്ല. മഴ മൂലം കൊയ്ത്ത് പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ വെയിൽ പരന്നതോടെ ആണ് കൊയ്ത്ത് പുനരാരംഭിച്ചത്. പുഞ്ചക്കൊയ്ത്ത് പകുതി കഴിഞ്ഞതേയുള്ളൂ. മേയ് ആദ്യ വാരം കൊണ്ട് കര മേഖലയിലെ കൊയ്ത്ത് പൂർത്തിയാകുമെങ്കിലും കായൽ പാടശേഖരങ്ങളിലെ കൊയ്ത്ത് പിന്നെയും ബാക്കിയാകും.