കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി…
രാജകുമാരി : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളിയത് കർഷകരെ നിരാശയിലാക്കുന്നു. കാട്ടുപന്നിയെ ഒരു വർഷത്തേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയുടെ ശല്യം പരിഹരിക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇൗ ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാർ നേരത്തേ 3 തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാട്ടുപന്നിയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കടുവ, പുലി ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ നിലനിൽപിന് ഭീഷണിയാകുമെന്ന് ചൂണ്ടി കാട്ടിയാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ ആവശ്യം തുടർച്ചയായി തള്ളുന്നത്.
2020 ഡിസംബറിൽ കാട്ടുപന്നിശല്യം ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണമെന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും നാഷനൽ വൈൽഡ് ലൈഫ് ബോർഡും നിർദേശം മുന്നോട്ടു വച്ചിരുന്നു. എന്നാൽ വനം വകുപ്പിന്റെ എതിർപ്പ് മൂലം ഇൗ നിർദേശം വെളിച്ചം കണ്ടില്ല. ഇൗ നിർദേശം നടപ്പാക്കണമെന്നും വന്യ ജീവി സംരക്ഷണ നിയമത്തിലെ 11(1) ബി ഉപയോഗിച്ച് അപകടകാരികളായ കാട്ടുപന്നികളെ ഉപാധികളില്ലാതെ കൊല്ലാൻ അനുമതി നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
കഴിഞ്ഞ ജൂലൈയിലാണ് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് കർഷകർക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായത്. അതിനു ശേഷം ഡിഎഫ്ഒ തലത്തിൽ ലൈസൻസുള്ള തോക്കുടമകളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പാനൽ തയാറാക്കി ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടികൾ ഉൗർജിതമാണ്. എന്നാൽ, പല റേഞ്ചുകളിലും ലൈസൻസുള്ള തോക്കുടമകൾ കുറവായതിനാലും കാട്ടുപന്നികൾക്ക് സ്ഥിരമായ സഞ്ചാര പാത ഇല്ലാത്തതിനാലും ഇത് ഉദ്ദേശിച്ച ഫലം കണ്ടില്ല.
ജില്ലയിൽ പലയിടത്തും കാട്ടുപന്നിശല്യം ശമനമില്ലാതെ തുടരുകയാണ്. മുൻപ് സർക്കാരിന്റെ അനുമതിയോടെ പട്ടയ ഭൂമിയിലെ മരം മുറിച്ചവർ പിന്നീട് നിയമ കുരുക്കിൽ പെട്ടതു പോലെ കാട്ടുപന്നിയുടെ കാര്യത്തിലും സംഭവിക്കുമോ എന്ന ആശങ്ക മൂലം കൂടുതൽ കർഷകരും കാട്ടുപന്നിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് സമീപിക്കാൻ മടിക്കുകയാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.