ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനവും കാർഷിക മേളയും പാറത്തോട് സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നത്. നമ്മുടെ സമൂഹത്തിൽ കാർഷിക മേഖലക്കുണ്ടാകേണ്ട മാറ്റങ്ങളും അത് ഭദ്രമാക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ശ്രദ്ധിച്ചു. അതിനാലാണ് നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാർഷിക മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേരളീയർ വിമുഖത കാണിക്കുന്നെന്നും. അതിനാൽ കൃഷി ഭൂമി തരിശാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വൃതിയാനവും പ്രകൃതി ദുരന്തങ്ങളും വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനെ അതിജീവിക്കുന്ന രീതിയിൽ കൃഷിയിടങ്ങൾ വികസിപ്പിച്ചടുക്കാൻ പുതിയ സമീപനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുടെ വികസനം ലക്ഷ്യം വച്ച് കെ എം മാണി ഊർജിത ജലസേചന പദ്ധതി, എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതി എന്നിവയാണ് ജലവിഭവ വകുപ്പ് നടപ്പാക്കുന്ന മെഗാ പദ്ധതികളെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക, ആരോഗ്യ ഭക്ഷണം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.
പാറത്തോട് സംഘടിപ്പിച്ച യോഗത്തില്‍ കര്‍ഷകരെ മന്ത്രി ആദരിച്ചു. മുതിർന്ന കർഷകൻ വർക്കി അമ്പാട്ട്, യുവ കർഷകൻ ശ്രീജിത്ത് ടി.കെ, കർഷകോത്തമ അവാർഡ് നേടിയ ഫ്രാൻസിസ്, മികച്ച കർഷക വിദ്യാർത്ഥി ആൻമരിയ മൈക്കിൾ എന്നിവരെയാണ് യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചത്.
കിസ്സാന്‍ ഭാഗിദാരി പ്രാഥമിക്ത ഹമാരി
ക്യാംപെയ്ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കാർഷിക ക്ലിനിക്കുകളുടെ
ഉദ്ഘാടനം എം.എൽ.എ എം.എം മണി നിർവഹിച്ചു. ജില്ലാ കളക്ടർ ഷീബാ
ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.
കൃഷി ഭവനുകൾ, ആത്മ, കുടുംബശ്രീ, ആഗ്രോ – ഇൻഡസ്ട്രീസ് കോർപ്പറേഷൻ, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പ്, കർഷക ക്ഷേമനിധി ബോർഡ് തുടങ്ങി വിവിധ വകുപ്പുകൾ ഒരുക്കിയ പ്രദർശന വിപണന സ്റ്റാളുകളും സേവനങ്ങളും കാർഷിക മേളയിൽ ശ്രദ്ധേയമായി. കാർഷിക ക്വിസ് മത്സരവും നടത്തി.
കർഷകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാമത്സരങ്ങളും അരങ്ങേറി.
കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷത വഹിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടർ ആൻസി തോമസ് പദ്ധതി വിശദീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മൽക്ക, ത്രിതല പഞ്ചായത്തംഗങ്ങളായ സി.കെ പ്രസാദ്, സലിന രാജേന്ദ്രൻ, സുമംഗല വിജയൻ, മേഴ്സി ജോസ്, സി.കെ ജയൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.കെ. ഏലിയാസ് , ഷാജി കാഞ്ഞമല, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ മാരി മുത്തു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോളി ആന്റണി, അടിമാലി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഐ.വി കോശി എന്നിവർ സംസാരിച്ചു.